ടോക്യോ ഒളിമ്പിക്സ് വില്ലേജ് തുറന്നു. ഒളിമ്പിക്സിൽ പങ്കെടുത്താനെത്തുന്ന അത്‌ലീറ്റുകളിൽ പലരും ഒളിമ്പിക്സ് വില്ലേജിലാണ് താമസിക്കുക. കൊവിഡ് കാലത്ത് സുരക്ഷിതമായി മത്സരങ്ങൾ നടത്താൻ വേണ്ട മുൻകരുതലുകളൊക്കെ കൈക്കൊണ്ടിട്ടുണ്ടെന്ന് രാജ്യാന്തര ഒളിമ്പിക് കമ്മറ്റി പ്രസിഡൻ്റ് തോമസ് ബാക് പറഞ്ഞു.
ടോക്യോ നഗരത്തിൽ കൊവിഡ് കേസുകൾ വീണ്ടും ഉയരുന്ന പശ്ചാത്തലത്തിൽ കാണികളെ പ്രവേശിപ്പിക്കേണ്ടെന്ന് ഒളിംപിക് സംഘാടക സമിതി തീരുമാനിച്ചിരുന്നു. കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ടോക്കിയോ നഗരത്തിൽ ജൂലെ 12 മുതൽ ഓഗസ്റ്റ് 22 വരെ അരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
ജൂലെ 23 മുതൽ ഓഗസ്റ്റ് എട്ടു വരെ ടോക്കിയോയിലാണ് ഒളിമ്പിക്സ്. കഴിഞ്ഞ വർഷം ജൂലൈയിൽ നടക്കേണ്ടിയിരുന്ന ഒളിമ്പിക്സ് കൊവിഡ് മഹാമാരിയെത്തുടർന്നാണ് ഈ വർഷത്തേക്ക് മാറ്റിയത്.
അതേസമയം, ടോക്കിയോ ഒളിമ്പിക്സിൻറെ ഉദ്ഘാടന ചടങ്ങിലെ മാർച്ച് പാസ്റ്റിൽ ബോക്സിംഗ് താരം മേരി കോമും ഹോക്കി ടീം നായകൻ മൻപ്രീത് സിംഗും ഇന്ത്യൻ പതാക വഹിക്കും. സമാപന ചടങ്ങിൽ ഗുസ്തി താരം ബജ്റംഗ് പൂനിയ ആകും ഇന്ത്യൻ പതാക വഹിക്കുകയെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
കായികതാരങ്ങളും സപ്പോർട്ട് സ്റ്റാഫും ഒഫീഷ്യൽസും അടക്കം 201 പേരടങ്ങുന്ന ഇന്ത്യൻ സംഘമായിരിക്കും ടോക്കിയോ ഒളിമ്പിക്സിനായി പോവുക. ഇതിൽ 126 കായിക താരങ്ങളും 75 പേർ സപ്പോർട്ട് സ്റ്റാഫ് അടക്കമുള്ള ഒഫീഷ്യൽസുമായിരിക്കും ഇന്ത്യൻ സംഘത്തിലുണ്ടാവുക.