Sports

ദി ഹണ്ട്രഡ് പുരുഷ ലീഗിൽ അടുത്ത വർഷം മുതൽ ഇന്ത്യൻ താരങ്ങൾ കളിച്ചേക്കും

ദി ഹണ്ട്രഡ് പുരുഷ ക്രിക്കറ്റ് ലീഗിൽ അടുത്ത വർഷം മുതൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ കളിച്ചേക്കുമെന്ന് റിപ്പോർട്ട്. ലീഗിലേക്ക് അടുത്ത വർഷം മുതൽ ചില താരങ്ങളെ വിട്ടുനൽകണമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ബിസിസിഐയോട് ആവശ്യപ്പെട്ടു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യത്തിൽ ബിസിസിഐ അന്തിമ നിലപാട് എടുത്തിട്ടില്ലെങ്കിലും ദേശീയ ടീമിലെ സ്ഥിര സാന്നിധ്യങ്ങൾ ഒഴികെയുള്ള ചിലരെയെങ്കിലും ടൂർണമെൻ്റിന് അയക്കുമെന്നാണ് കരുതപ്പെടുന്നത്. (the hundred india players)

അതേസമയം, വിവാദമായ കശ്മീർ പ്രീമിയർ ലീഗിൽ കളിക്കുന്നവരെ ഇന്ത്യയിലെ എല്ലാ തരം ക്രിക്കറ്റ് പ്രവർത്തനങ്ങളിൽ നിന്നും വിലക്കുമെന്ന് ബിസിസിഐ വ്യക്തമാക്കി. ദേശീയ താത്പര്യം പരിഗണിച്ചാണ് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തിരിക്കുന്നതെന്നും പാകിസ്താൻ പ്രീമിയർ ലീഗിൽ കളിക്കുന്നതിന് എതിർപ്പില്ലെന്നും ബിസിസിഐ പറഞ്ഞു.

“കശ്മീർ പ്രീമിയർ ലീഗിൽ കളിക്കാൻ താരങ്ങളെ അനുവദിക്കരുതെന്ന് ക്രിക്കറ്റ് ബോർഡുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിലക്ക് ലംഘിച്ച് ലീഗിൽ കളിക്കുന്ന താരങ്ങളെ ഇന്ത്യയിലെ എല്ലാ തരം ക്രിക്കറ്റ് പ്രവർത്തനങ്ങളിൽ നിന്നും വിലക്കും. ഇക്കാര്യത്തിൽ ഞങ്ങൾ ദേശീയ താത്പര്യം പരിഗണിക്കുന്നുണ്ട്. പാകിസ്താൻ സൂപ്പർ ലീഗിൽ കളിക്കുന്ന താരങ്ങളോട് ഞങ്ങൾക്ക് എതിർപ്പില്ല. പക്ഷേ, ഇത് പാക് അധിനിവേശ കശ്മീരിലെ ക്രിക്കറ്റ് ലീഗാണ്.”- ബിസിസിഐ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസം ബിസിസിഐക്കെതിരെ ഗുരുതര ആരോപണവുമായി മുൻ ദക്ഷിണാക്കൻ ക്രിക്കറ്റ് താരം ഹെർഷെൽ ഗിബ്‌സ് രംഗത്തെത്തിയിരുന്നു. കശ്മീർ പ്രീമിയർ ലീഗിൽ കളിക്കാതിരിക്കാൻ ബിസിസിഐ തന്നെ ഭീഷണിപ്പെടുത്തുന്നു എന്നാണ് ഗിബ്‌സ് ആരോപിക്കുന്നത്. മുസാഫറാബാദിൽ ഓഗസ്ത് ആറിനാണ് കാശ്മീർ പ്രമീയർ ലീഗ് ആരംഭിക്കുന്നത്. കശ്മീർ വിഷയത്തിൽ ഇന്ത്യ-പാകിസ്താൻ തർക്കം നിലനിൽക്കെയാണ് പ്രകോപനപരമായി കശ്മീർ പ്രീമിയർ ലീഗുമായി പാകിസ്താൻ മുന്നോട്ടു പോകുന്നത്.

ആറ് ടീമുകൾ ടൂർണമെന്റിലുണ്ട്. എല്ലാ ടീമിലും അഞ്ചു കളിക്കാർ പാക് അധീനതയിലുള്ള കാശ്മീരിൽ നിന്നുള്ളവരാണ്. മുൻ പാക് താരം വസീം അക്രം സംഘാടകരിൽ പ്രമുഖനാണ്. ഷാഹിദ് അഫ്രീദിയാണ് ബ്രാൻഡ് അംബാസഡർ. എല്ലാ മത്സരങ്ങളും മുസഫറാബാദ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടക്കും.