Sports

ഏഷ്യൻ രാജ്യങ്ങളുടെ ഒളിമ്പിക്സ്, ഏഷ്യൻ ഗെയിംസിന്റെ 19-ാം പതിപ്പിന് ഇന്ന് കൊടിയേറും

ഏഷ്യന്‍ വന്‍കരയിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഏഷ്യന്‍ ഗെയിംസിന്റെ 19-ാം പതിപ്പിന് ഇന്ന് ഔദ്യോഗികമായി കൊടിയേറും. ചൈനയിലെ ഹാങ്ഷൂ ആണ് വേദി. ഏറെ പ്രതീക്ഷയിലാണ് ഇന്ത്യൻ സംഘം ഗെയിംസ് വില്ലേജിൽ എത്തിയിട്ടുള്ളത്.

ഏഷ്യൻ രാജ്യങ്ങളുടെ ഒളിംപിക്സ്… ഏഷ്യാഡ് എന്ന് അറിയപ്പെടുന്ന ഏഷ്യൻ ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് ഹാങ്ഷൂവിയിലെ സ്പോര്‍ട്സ് പാര്‍ക്ക് സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു. വൈകിട്ട്‌ 6.30ന് കൊടിയേറ്റം. മേളയിൽ ഉടനീളം ഹരിത പ്രോട്ടോക്കോൾ നിലനിർത്താനാണ് ചൈനയുടെ തീരുമാനം. ഉദ്ഘാടന ചടങ്ങിന് കരിമരുന്ന് പ്രയോഗം അടക്കം ഒഴിവാക്കിയിട്ടുണ്ട്.

2022-ൽ നടക്കേണ്ടിയിരുന്ന മേള കോവിഡ് വ്യാപനം മൂലം 2023-ലേക്ക് നീട്ടി വയ്ക്കുകയായിരുന്നു. 44 വേദികൾ. 40 കായിക ഇനങ്ങളിലായി 481 മെഡൽ പോരാട്ടങ്ങൾ. ഇന്ത്യയടക്കം 45 രാജ്യങ്ങളിൽ നിന്നുള്ള 12, 417 കായികതാരങ്ങളാണ് മാറ്റുരയ്ക്കുക. ഒക്ടോബർ എട്ടിനാണ് മേള സമാപിക്കും.

ഇന്ത്യയിൽ നിന്ന് വിവിധ ഇനങ്ങളിലായി 655 താരങ്ങളാണ് ഏഷ്യൻ ഗെയിംസിന് യോഗ്യത നേടിയത്. ജക്കാര്‍ത്തയില്‍ നടന്ന കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ 70 മെഡലുകളാണ് ഇന്ത്യ നേടിയത്. ഇത്തവണ നീരജ് ചോപ്രയുടെ നേതൃത്വത്തിലുള്ള സംഘം ആ കണക്ക് മറികടക്കുമെന്നാണ് പ്രതീക്ഷ.

ഇന്ത്യ കരുത്ത് തെളിയിച്ചിട്ടുള്ള ഗുസ്തി, ഷൂട്ടിങ്, അന്പെയ്ത്ത് തുടങ്ങിയ മത്സരങ്ങൾക്ക് പുറമെ ഇത്തവണ അത്ലെറ്റിക്സിലും കൂടുതൽ തിളങ്ങാനാകുമെന്നാണ് വിലയിരുത്തൽ. നേരത്തെ ആരംഭിച്ച ടീമിനങ്ങളിൽ വനിതാ ക്രിക്കറ്റ് ടീം മെഡലിനോട് അടുത്തുകഴിഞ്ഞു. പുരുഷ വോളിബോളിൽ ഇന്ത്യ ക്വാർട്ടറിൽ കടന്നിട്ടുണ്ട്.