Sports

ടി-20 ലോകകപ്പ്: ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ; ഋഷഭ് പന്ത് കളിച്ചേക്കും

ടി-20 ലോകകപ്പിൽ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ. സൂപ്പർ 12 ഗ്രൂപ്പ് രണ്ടിൽ അഡലെയ്ഡ് ഓവലിൽ നടക്കുന്ന മത്സരം ഇന്ത്യൻ സമയം 1.30നാണ് ആരംഭിക്കുക. ബംഗ്ലാദേശിനെ വീഴ്ത്താനായാൽ ഇന്ത്യക്ക് ഏറെക്കുറെ സെമി ഉറപ്പിക്കാം. ദക്ഷിണാഫ്രിക്കക്കെതിരായ കഴിഞ്ഞ മത്സരത്തിൽ പരുക്കേറ്റ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തികിനു പകരം ഋഷഭ് പന്ത് കളിച്ചേക്കും. കളി ഭാഗികമായെങ്കിലും മഴ മുടക്കാനുള്ള സാധ്യതയുമുണ്ട്.

സൂപ്പർ 12ൽ ഇതുവരെ 3 മത്സരം കളിച്ച ഇന്ത്യ രണ്ടെണ്ണത്തിൽ വിജയിച്ച് 4 പോയിൻ്റുമായി ഗ്രൂപ്പ് രണ്ടിൽ രണ്ടാമതാണ്. മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിൻ്റുള്ള ദക്ഷിണാഫ്രിക്കയാണ് ഒന്നാമത്. ഇത്ര തന്നെ മത്സരങ്ങളിൽ നിന്ന് രണ്ടെണ്ണം വിജയിച്ച ബംഗ്ലാദേശ് പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്. ഇന്ത്യക്കും ബംഗ്ലാദേശിനും ഒരേ പോയിൻ്റാണെങ്കിലും മികച്ച റൺ നിരക്കാണ് ഇന്ത്യയെ രണ്ടാം സ്ഥാനത്ത് നിർത്തിയിരിക്കുന്നത്.

കെഎൽ രാഹുലിൻ്റെ ഫോം വളരെ ആശങ്കയാണെങ്കിലും താരം തന്നെ ഓപ്പൺ ചെയ്യുമെന്ന് പരിശീലകൻ രാഹുൽ ദ്രാവിഡ് വ്യക്തമാക്കിക്കഴിഞ്ഞു. ഫോമിലുപരി രാഹുലിൻ്റെ ശൈലിയാണ് ഏറെ വിമർശിക്കപ്പെടുന്നത്. മൂന്ന്, നാല് നമ്പറുകളിൽ വിരാട് കോലി, സൂര്യകുമാർ യാദവ് എന്നിവരാണ് ഇന്ത്യക്കായി സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്നത്. ദക്ഷിണാഫ്രിക്കൻ ടോപ്പ് ഓർഡറിലെ ഇടങ്കയ്യന്മാരെ പരിഗണിച്ച് ടീമിൽ ഉൾപ്പെടുത്തിയ ദീപക് ഹൂഡ ബാറ്റിംഗിൽ നിരാശപ്പെടുത്തുകയും ഒരു പന്ത് പോലും എറിയാതിരിക്കുകയും ചെയ്തതിനാൽ അക്സർ പട്ടേൽ തിരികെ എത്താനിടയുണ്ട്. ബൗളിംഗിൽ അർഷ്ദീപ് സിംഗ് മിന്നും ഫോം തുടരുമ്പോൾ ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി എന്നിവരും നിരാശപ്പെടുത്തുന്നില്ല. ഹാർദിക് പാണ്ഡ്യയും ഇന്ത്യക്കായി സംഭാവനകൾ നൽകുന്നുണ്ട്.