എത്ര എതിര്‍ടീം താരങ്ങള്‍ വന്നാലും അവര്‍ക്കിടയിലൂടെ പന്തുമായി നൂണ്ടുപോകുന്ന മെസിയെയാണ് കാണികള്‍ക്ക് കണ്ട് പരിചയം. മെസിയെ പിടിക്കാന്‍ ശ്രമിച്ച് എതിര്‍ ടീം താരങ്ങള്‍ വീണുപോകുന്നതും പതിവ് കാഴ്ച്ച. എന്നാല്‍ ചാമ്പ്യന്‍സ് ലീഗിലെ നാപോളിക്കെതിരായ മത്സരത്തിനിടെ ഇത്തവണ വീണുപോയത് മെസിയാണ്. വീഴ്ത്തിയത് നാപോളി ഗോളി ഡേവിഡ് ഒസ്പിനയും.
ബാഴ്‌സലോണയും നാപോളിയും തമ്മില്‍ ഓരോ ഗോള്‍ വീതം അടിച്ച് സമനിലയില്‍ പിരിഞ്ഞ ചാമ്പ്യന്‍സ് ലീഗിലെ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിനിടെയായിരുന്നു മെസിയെ ഒസ്പിന വീഴ്ത്തിയത്. ഡ്രൈസ് മെര്‍ട്ടെന്‍സിന്റെ ഗോളിലൂടെ മുപ്പതാം മിനുറ്റില്‍ നാപോളിയാണ് മുന്നിലെത്തിയത്. ഈ ഗോളിന് തൊട്ട് മുമ്പായിരുന്നു മെസിയുടെ വീഴ്ച്ച.
ചാമ്പ്യന്‍സ് ലീഗിലെ എവേ മത്സരങ്ങളില്‍ ബാഴ്‌സലോണ അധികം ഗോളുകളൊന്നും അടുത്തിടെ അടിച്ചിട്ടില്ല. ഇതറിയാവുന്ന മെസി അര്‍ധാവസരം പോലും മുതലാക്കാന്‍ ശ്രമിച്ചത് സ്വാഭാവികം. നാപോളി ഗോള്‍ കീപ്പര്‍ ഡേവിഡ് ഒസ്പിനയുടെ കാലില്‍ നിന്നും പന്തു തട്ടിയെടുക്കാനാണ് മെസി മിന്നല്‍ വേഗത്തില്‍ എത്തിയത്. ഒസ്പിനയാകട്ടെ മെസിയെ കബളിപ്പിച്ച് സ്വന്തം താരത്തിന് മറിച്ചു നല്‍കുകയും ചെയ്തു. ഇതിനിടെ ബാലന്‍സ് നഷ്ടപ്പെട്ട മെസി വീണുപോവുകയായിരുന്നു.
57ആം മിനുറ്റില്‍ ഗ്രീസ്മാന്റെ ഗോളിലൂടെയാണ് ബാഴ്‌സലോണ സമനില പിടിച്ചത്. പിക്വ പരിക്കേറ്റ് കയറിയതും കളിതീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയിരിക്കെ വിദാല്‍ ചുവപ്പുകാര്‍ഡ് കണ്ടതും ബാഴ്‌സലോണക്ക് തിരിച്ചടിയായി. എങ്കിലും എവേ മത്സരത്തില്‍ ഗോളടിച്ചതും തോറ്റില്ലെന്നതും ബാഴ്‌സക്ക് ആശ്വാസമാണ്. സ്വന്തം തട്ടകമായ നൗകാമ്പില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ ഗോള്‍രഹിത സമനിലയോ വിജയമോ ബാഴ്‌സലോണയെ ക്വാര്‍ട്ടറിലെത്തിക്കും.