യുവേഫ നേഷൻസ് ലീഗ് സെമിഫൈനലിൽ ഇറ്റലിയെ തകർത്ത് സ്പെയിനു ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അസൂറികളെ കീഴടക്കിയ സ്പെയിൻ ഇറ്റലിയുടെ അപരാജിത കുതിപ്പിനു കൂടിയാണ് അവസാനം കുറിച്ചത്. 37 മത്സരങ്ങളാണ് ഇറ്റലി പരാജയമറിയാതെ മുന്നേറിയത്. സ്പെയിനു വേണ്ടി ഫെറാൻ ടോറസ് ഇരട്ട ഗോൾ നേടിയപ്പോൾ ലോറൻസോ പെല്ലഗ്രിനിയാണ് ഇറ്റലിയുടെ ആശ്വാസ ഗോൾ നേടിയത്. 42ആം മിനിട്ടിൽ ലിയനാർഡോ ബൊണൂച്ചി ചുവപ്പു കാർഡ് കണ്ട് പുറത്തായത് ഇറ്റലിക്ക് കനത്ത തിരിച്ചടിയായി. (spain won italy uefa)
ബോൾ പൊസഷൻ കൊണ്ട് കളം ഭരിക്കുന സ്പെയിനെയാണ് കളിയിൽ കണ്ടത്. ഇറ്റലിയുടെ ഇടതു വിങിലൂടെ നിരന്തരം ആക്രമണം നടത്തിയ സ്പെയിൻ 15 ആം മിനിട്ടിൽ ആദ്യ ഗോൾ കണ്ടെത്തി. ഒയർസബാളിന്റെ ക്രോസിൽ തലവച്ച് ഫെറാൻ ടോറസ് സ്പെയിനെ മുന്നിലെത്തിച്ചു. 30ആം മിനിട്ടിൽ ഒരു മഞ്ഞ കാർഡ് ലഭിച്ച ബൊണൂച്ചി 42ആം മിനിട്ടിൽ രണ്ടാം മഞ്ഞ കാർഡ് കണ്ട് പുറത്തായത് ഇറ്റലിക്ക് ക്ഷീണമായി. ഇതിനു പിന്നാലെ, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഫെറാൻ ടോറസ് രണ്ടാം ഗോൾ കണ്ടെത്തി. ആദ്യ ഗോൾ പോലെ തന്നെ ഒയർസബാളിൻ്റെ ക്രോസിൽ നിന്ന് ഹെഡ് ചെയ്തായിരുന്നു രണ്ടാമത്തെയും ഗോൾ.
രണ്ടാം പകുതിയിൽ കൗണ്ടർ അറ്റാക്കുകളിലൂടെ സ്കോർ ചെയ്യാൻ ശ്രമിച്ച ഇറ്റലി 83ആം മിനിട്ടിൽ പെല്ലഗ്രിനിയിലൂടെ ഒരു ഗോൾ മടക്കി. പക്ഷേ, സമനില ഗോൾ നേടാൻ അവർക്ക് സാധിച്ചില്ല. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 12.15നു നടക്കുന്ന രണ്ടാം സെമിയിൽ ഫ്രാൻസ് ബെൽജിയവുമായി ഏറ്റുമുട്ടും.
ഇംഗ്ലണ്ടിനെ കീഴടക്കിയാണ് ഇറ്റലി യൂറോ കപ്പ് കിരീടം നേടിയത്. ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ ഷൂട്ടൗട്ടിലാണ് ഇറ്റലി വിജയം കണ്ടത്. തകർപ്പൻ സേവുകളുമായി കളം നിറഞ്ഞ ഗോൾകീപ്പർ ജിയാൻ ലൂയി ഡോണറുമ്മയായിരുന്നു ഇറ്റലിയുടെ ഹീറോ. പെനാൽട്ടി ഷൂട്ടൗട്ടിൽ 3-2 എന്ന സ്‌കോറിനാണ് ഇറ്റലിയുടെ വിജയം. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ച ശേഷമാണ് മത്സരം എക്സ്ട്രാ ടൈമിലേക്കും പിന്നീട് പെനാൽട്ടി ഷൂട്ടൗട്ടിലേക്കും നീണ്ടത്.