Sports

സ്പെയിനെ അട്ടിമറിച്ച് ജപ്പാൻ; തോറ്റിട്ടും പ്രീ ക്വാർട്ടർ കടന്ന് സ്പെയിൻ

ലോകകപ്പ് ആവേശപ്പോരാട്ടത്തിൽ സ്പെയിനെ അ‍ട്ടിമറിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി ജപ്പാൻ പ്രീക്വാർട്ടറിൽ. ശക്തമായ മത്സരത്തിൽ സ്പെയിനിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ജപ്പാൻ അട്ടിമറിച്ചു. തോൽവി വഴങ്ങിയെങ്കിലും ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ കോസ്റ്ററിക്കയെ ജർമനി തോൽപ്പിച്ചതോടെ സ്പെയിൻ രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിൽ ഇടംപിടിച്ചു .

വിജയം അനിവാര്യമായ അവസാന മത്സരത്തില്‍ സ്പെയിനിനോട് ഒരു ഗോള്‍ വഴങ്ങിയ ശേഷം രണ്ടെണ്ണം അത്ഭുതകരമായ തിരിച്ചു മടക്കിയായിരുന്നു ജപ്പാന്റെ കുതിപ്പ്. (2-1). അല്‍വരോ മൊറാട്ടയുടെ ​ഗോളിലൂടെ 11-ാം മിനിറ്റില്‍ തന്നെ സ്പെയിന്‍ ലീഡ് നേടി. കണക്കുകൂട്ടല്‍ തെറ്റിച്ച് നാല്‍പത്തിയെട്ടാം മിനിറ്റില്‍ റിറ്റ്സു ഡാവോൻ ജപ്പാന് വേണ്ടി വലകുലുക്കി. മൂന്ന് മിനിറ്റ് ദൂരമേ വേണ്ടിയിരുന്നുള്ളു അടുത്ത ​ഗോളിന്. ആവോ തനാക്ക ജപ്പാനെ മുന്നിലെത്തിച്ചു.

എന്നാൽ പന്ത് ഡാവോന്‍ പോസ്റ്റിന് മുന്നിലേയ്ക്ക് ചെത്തിയിടുമ്പോള്‍ ഗോള്‍ലൈൻ കടന്നിരുന്നുവെന്ന റഫറിയുടെ വിധി ​ഗോൾ ​വാർ കുരുക്കിലാക്കി. വാര്‍ പരിശോധിച്ചപ്പോള്‍ ജപ്പാന്‍ രക്ഷപ്പെട്ടു. ജപ്പാന് വ്യക്തമായ ലീഡ്. തികച്ചും നാടകീയമായാണ് ജപ്പാന് ഈ ഗോള്‍ അനുവദിക്കപ്പട്ടത്. തുടർന്ന് അവസാന നിമിഷം തിരമാല പോലെ സ്പെയിന്‍ ഇരമ്പിക്കൊണ്ടിരുന്നെങ്കിലും ജപ്പാന്റെ പ്രതിരോധത്തിന് മുന്നിൽ ​ഗോൾ മാത്രം അകന്നു നിന്നു. മനോഹരമായ ടിക്കി ടാക്ക കൊണ്ട് ആദ്യ മത്സരത്തില്‍ കോസ്റ്ററീക്കയെ ആറ് ഗോളില്‍ തകർത്ത ചരിത്രമുള്ള സ്പെയിന്‍ ഗ്രൂപ്പ് റൗണ്ടില്‍ നേരിടുന്ന ആദ്യ തോല്‍വിയാണിത്.