76മത് സന്തോഷ് ട്രോഫിയുടെ സെമി ഫൈനൽ – ഫൈനൽ റൗണ്ടുകൾക്ക് ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യ. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യക്ക് പുറത്ത് മറ്റൊരു രാജ്യത്തിൽ ടൂർണമെന്റിന്റെ സംഘടിപ്പിക്കുന്നത്. മാർച്ച് ഒന്ന് മുതൽ നാല് വരെയാണ് ഫൈനൽ റൗണ്ട് അരങ്ങേറുക.
അഖിലേന്ത്യ ഫുട്ബോൾ അസോസിയേഷന്റെ ജനറൽ സെക്രട്ടറി ഷാജി പ്രഭാകരനും എക്സിക്യൂട്ടീവ് അംഗവുമായ അവിജിത് പോളും ചേർന്നാണ് പ്രഖ്യാപനം നടത്തിയത്. റിയാദിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയം മത്സരങ്ങൾക്ക് സാക്ഷ്യം വഹിക്കും. രാജ്യത്തെ ഫുട്ബോളിന്റെ വികസനത്തിനുള്ള ഞങ്ങളുടെ പദ്ധതികളുടെ കേന്ദ്രമാണ് സന്തോഷ് ട്രോഫിയെന്ന് ഷാജി പ്രഭാകരൻ വ്യക്തമാക്കി. കഴിഞ്ഞ മാസം പുറത്തിറക്കിയ ഇന്ത്യയുടെ ഫുട്ബോൾ വികസനത്തിനുള്ള പദ്ധതിയായ വിഷൻ 2047ന്റെ തുടക്കവുമാണ് ഈ നീക്കം.
ടൂർണമെന്റിന്റെ അവസാന റൗണ്ട് നാളെ മുതൽ ഒഡിഷയിൽ ഭുവനേശ്വറിൽ അരങ്ങേറും. പന്ത്രണ്ട് ടീമുകളാണ് നാളെ നടക്കാനിരിക്കുന്ന ടൂർണമെന്റിന്റെ ഭാഗമാകുക. നിലവിലെ ജേതാക്കളായ കേരളം ഫൈനൽ റൗണ്ടിന് യോഗ്യത നേടിയിട്ടുണ്ട്. ഫൈനൽ റൗണ്ടിലെ ആദ്യ മത്സരത്തിൽ കേരളം ഗോവയെ നേരിടും. പരിശീലകൻ രമേശ് പിബി നയിക്കുന്ന ടീമിന്റെ നായകൻ ഗോൾകീപ്പർ മിഥുനാണ്.