വിവാദ പരാമർശത്തിൽ മാപ്പപേക്ഷയുമായി എടികെ മോഹൻ ബഗാൻ്റെ ഇന്ത്യൻ പ്രതിരോധ താരം സന്ദേശ് ജിങ്കൻ. തൻ്റെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് ജിങ്കൻ മാപ്പപേക്ഷ നടത്തിയിരിക്കുന്നത്. തെറ്റ് പറ്റിപ്പോയെന്ന് മനസ്സിലാക്കുന്നു എന്നും നല്ലൊരു മനുഷ്യനാവാൻ ശ്രമിക്കുമെന്നും ജിങ്കൻ വിഡിയോയിലൂടെ പറയുന്നു. (sandesh jhingan apologized)
‘എൻ്റെ ഭാഗത്തുനിന്ന് വന്ന ഒരു പിഴവായിരുന്നു അത്. പിന്നീട് ആലോചിച്ചപ്പോഴാണ് ഒരിക്കലും എൻ്റെ ഭാഗത്തുനിന്ന് സംഭവിക്കാൻ പാടില്ലാത്ത പിഴവാണ് അതെന്ന് മനസ്സിലാക്കിയത്. മത്സരച്ചൂടിൻ്റെ ഭാഗമായി പറഞ്ഞുപോയതാണ്. അത് തെറ്റാണെന്ന് മനസ്സിലാക്കുന്നു. ആത്മാർത്ഥമായി മാപ്പപേക്ഷിക്കുന്നു. അത്തരം പരാമർശത്തിലൂടെ എന്നെ പിന്തുണയ്ക്കുന്നവരെയും കുടുംബാംഗങ്ങളെയുമൊക്കെ ഞാൻ നിരാശപ്പെടുത്തി. സംഭവിച്ചുപോയതിൽ എനിക്ക് ഖേദമുണ്ട്. അതിനി മായ്ച്ചുകളയാനാവില്ല. എന്നാൽ, സംഭവത്തിൽ നിന്ന് ഞാൻ പാഠമുൾക്കൊണ്ടു. ഒരു നല്ല മനുഷ്യനും പ്രൊഫഷണലുമാവാൻ ഇനി ഞാൻ ശ്രമിക്കും. സംഭവിച്ചുപോയ നാക്കുപിഴയിൽ എൻ്റെ ഭാര്യക്ക് നേരെപ്പോലും വിദ്വേഷ പ്രചാരണങ്ങൾ നടന്നു. എൻ്റെ പരാമർശം ആരാധകരെ അസ്വസ്ഥപ്പെടുത്തിയിട്ടുണ്ടാവാം. പക്ഷേ, അതിൻ്റെ പേരിൽ എൻ്റെ ഭാര്യയെയും കുടുംബാംഗങ്ങളെയും അധിക്ഷേപിക്കരുതെന്ന് ഞാൻ അപേക്ഷിക്കുകയാണ്. അവസാനമായി ഒരിക്കൽ കൂടി ആത്മാർത്ഥതയോടെ ഞാൻ മാപ്പ് പറയുകയാണ്. ഇതിൽ നിന്ന് പാഠമുൾക്കൊണ്ട് നല്ല ഒരു മനുഷ്യനാവാനാണ് എൻ്റെ ശ്രമം.”- ജിങ്കൻ വിഡിയോയിൽ പറയുന്നു.
കഴിഞ്ഞ ദിവസം തൻ്റെ പഴയ ക്ലബ് കേരള ബ്ലാസ്റ്റേഴ്സിനെതിരെ നടന്ന മത്സരത്തിനു ശേഷമാണ് ജിങ്കൻ വിവാദ പരാമർശം നടത്തിയത്. ‘ഇത്ര സമയം തങ്ങൾ കളിച്ചത് ഒരു പറ്റം സ്ത്രീകൾക്കെതിരെയാണ്’ എന്നായിരുന്നു ജിങ്കൻ്റെ പരാമർശം. സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
വിവാദങ്ങൾക്കു പിന്നാലെ രണ്ട് ദിവസങ്ങൾ കൊണ്ട് അയ്യായിരത്തോളം ഫോളോവേഴ്സിനെയാണ് ഇൻസ്റ്റഗ്രാമിൽ ജിങ്കനു നഷ്ടമായത്. കേരള ബ്ലാസ്റ്റേഴ്സ് ക്ലബും താരത്തെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തു. ഇതിനു പിന്നാലെ ജിങ്കൻ തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്യുകയും ചെയ്തു. ക്ലബ് വിട്ടെങ്കിലും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയപ്പെട്ട താരമായിരുന്നു ജിങ്കൻ. അതുകൊണ്ട് താരത്തിൻ്റെ ഒരു കൂറ്റൻ ടിഫോ ബ്ലാസ്റ്റേഴ്സ് ആരാധകക്കൂട്ടമായ മഞ്ഞപ്പട ഗാലറിയിൽ ഉയർത്താറുണ്ടായിരുന്നു. എന്നാൽ, ഈ ടിഫോ കഴിഞ്ഞ ദിവസം ആരാധകർ കത്തിച്ചു.