ലണ്ടൻ: യൂറോപ്യൻ ചാമ്പ്യന്മാരായ ലിവർപൂളിന്റെ ആക്രമണനിരയിലെ നിർണായക സാന്നിധ്യങ്ങളാണ് ആഫ്രിക്കൻ താരങ്ങളായ മുഹമ്മദ് സലാഹും സദിയോ മാനെയും. സമീപകാലത്ത് ലിവർപൂൾ നടത്തിയ മിന്നും പ്രകടനങ്ങളിലെല്ലാം സലാഹ് – മാനെ ദ്വയത്തിന്റെ മികവ് തെളിഞ്ഞുകാണാം. കളിക്കളത്തിൽ മാത്രമല്ല പുറത്തും ഇരുവരും നല്ല സുഹൃത്തുക്കളാണ്.
എന്നാൽ, സെനഗൽ താരമായ മാനെയും ഈജിപ്തുകാരനായ സലാഹും തമ്മിൽ അത്ര രസത്തിലല്ല എന്നമട്ടിൽ ഈയിടെ നിരവധി വാർത്തകൾ പുറത്തുവന്നിരുന്നു. രണ്ടാഴ്ചമുമ്പ്, പ്രീമിയർ ലീഗ് മത്സരത്തിനിടെ തനിക്ക് പാസ് നൽകാൻ സലാഹ് തയ്യാറാവാത്തതിലുള്ള അതൃപ്തി മാനെ പരസ്യമായി പ്രകടിപ്പിച്ചതാണ് ഇതിന് കാരണം. ബേൺലിക്കെതിരായ മത്സരത്തിൽ 37-ാം മിനുട്ടിൽ ടീമിന്റെ രണ്ടാം ഗോൾ മാനെ നേടിയിരുന്നു. 83-ാം മിനുട്ടിൽ വീണ്ടും ഗോളടിക്കാൻ മാനെക്ക് സുവർണാവസരം ലഭിച്ചെങ്കിലും, മാർക്ക് ചെയ്യപ്പെടാതെ സ്‌കോറിംഗ് പൊസിഷനിൽ നിന്ന താരത്തിന് സലാഹ് പന്ത് പാസ് ചെയ്തില്ല. 85-ാം മിനുട്ടിൽ ദിനോക് ഓറിഗിക്കു കളത്തിലിറങ്ങാനായി മാനെക്ക് കയറേണ്ടിയും വന്നു.
തന്റെ ഗോളവസരം നഷ്ടപ്പെടുത്തിയ സലാഹിന്റെ ‘സ്വാർത്ഥത’യിലുള്ള അരിശം മാനെ പരസ്യമായി തന്നെ പ്രകടിപ്പിച്ചു. സൈഡ്‌ബെഞ്ചിലെത്തിയ താരം ടീം ഒഫീഷ്യലിനോട് കയർത്താണ് കലിപ്പടക്കിയത്. സെനഗലീസ് താരത്തിന്റെ പ്രതികരണം സ്വാഭാവികമാണെന്നും എന്നാൽ മാനെയും സലാഹും തമ്മിൽ ഒരു പ്രശ്‌നവുമില്ലെന്നും കോച്ച് യുർഗൻ ക്ലോപ്പ് പിന്നീട് വ്യക്തമാക്കി.
എന്നാൽ, സലാഹും മാനെയും തമ്മിൽ അകൽച്ചയിലാണെന്ന തരത്തിലാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ വാർത്ത നൽകിയത്. വിവാദ സംഭവം നടന്നതിനു പിന്നാലെ കളിക്കാർ രാജ്യാന്തര മത്സരങ്ങൾക്കായി പോവുകയും ചെയ്തു. രാജ്യാന്തര മത്സരങ്ങൾ കഴിഞ്ഞ് കളിക്കാർ തിരിച്ചെത്തിയതിനു പിന്നാലെയാണ് താനും മാനെയും തമ്മിൽ ഒരു പ്രശ്‌നവുമില്ലെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ സലാഹ് പോസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിൽ വൈറലായ, രണ്ട് കുട്ടികൾ ആലിംഗനം ചെയ്യുന്ന വീഡിയോയിൽ കുട്ടികളുടെ തല മാറ്റി സലാഹിന്റെയും മാനെയുടെയും തലകൾ വെച്ചുകൊണ്ടുള്ളതാണിത്.
കുട്ടികളുടെ പശ്ചാത്തലത്തിലുള്ള യുവാവിന്റെ മുഖത്തിനു പകരം യുർഗൻ ക്ലോപ്പിന്റെ മുഖവുമുണ്ട്.