Football Sports

ലോകത്തിലെ ഏറ്റവും വില കൂടിയ കാര്‍ സ്വന്തമാക്കി റൊണോ

ഫുട്ബോളിനോട് മാത്രമല്ല കാറുകളോടും അഗാധ പ്രണയമാണ് ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക്. ആ പ്രണയത്തില്‍ ലോകത്തെ എല്ലാ വമ്പന്‍ കാറുകളും ക്രിസ്റ്റ്യാനോ വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇപ്പോള്‍ റൊണാള്‍ഡോയുടെ കാര്‍ ശേഖരത്തിലേക്ക് പുതുതായി എത്തിയിരിക്കുന്നത് ബുഗാട്ടിയുടെ ഏറ്റവും പുതിയ മോഡലായ ‘ലാ വോയ്ച്ചൂര്‍ നോയെ’ ആണ്. ലോകത്ത് ഇതുവരെ നിര്‍മിക്കപ്പെട്ടതില്‍ ഏറ്റലും വിലകൂടിയ കാറാണ് ഇത്. ഇതിന് വിപണിയില്‍ 9.5 മില്യണ്‍ ഡോളര്‍, അതായത് 66 കോടിയോളം രൂപ വരും.

110ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ ബുഗാട്ടി പുതിയ മോഡല്‍ ഇറക്കിയത്. ഈയിടെ റോള്‍സ് റോയ്സിന്റെ ‘കലിന’ കൂടി തന്റെ ഗാരേജിലെത്തിച്ചിരുന്നു റോണാള്‍ഡോ. ബുഗാട്ടിയുടെ തന്നെ ഷിറോണ്‍, വെയ്റോണ്‍, ഫെറാറി ലാ ഫെറാറി, ലംബോര്‍ഗിനി, പോര്‍ഷെ തുടങ്ങി ലോകത്തെ അത്യാഡംബര കാറുകളെല്ലാം റൊണാള്‍ഡോയുടെ ശേഖരത്തിലുണ്ട്.