സ്വന്തം ടീമിനെ ജയിപ്പിച്ചെന്ന് മാത്രമല്ല ടീം അടിച്ച 11 ഗോളിന് പിന്നിലും റൊണാള്‍ഡീന്യോ എന്ന ഫുട്‌ബോള്‍ പ്രതിഭയുടെ പാദസ്പര്‍ശവുമുണ്ടായിരുന്നു..
വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ പരാഗ്വെയില്‍ തടവിലായ ബ്രസീല്‍ ഫുട്‌ബോളിലെ സൂപ്പര്‍താരം റൊണാള്‍ഡീന്യോ ജയിലിലെ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തു. സ്വന്തം ടീമിനെ ജയിപ്പിച്ചെന്ന് മാത്രമല്ല ടീം അടിച്ച 11 ഗോളിന് പിന്നിലും റൊണാള്‍ഡീന്യോയുടെ കാലുകളുമുണ്ടായിരുന്നു. അഞ്ച് ഗോളുകള്‍ അടിച്ച റൊണാള്‍ഡീന്യോ ആറ് ഗോളുകള്‍ സഹതാരങ്ങളെക്കൊണ്ട് എതിരാളികളുടെ വലയില്‍ അടിച്ചുകയറ്റിക്കുകയും ചെയ്തു.
ബാഴ്‌സലോണ, എ.സി മിലാന്‍, പി.എസ്.ജി തുടങ്ങി വിവിധ രാജ്യങ്ങളിലെ സൂപ്പര്‍ ക്ലബുകളില്‍ കളിച്ചിട്ടുള്ള ഫുട്‌ബോള്‍ ഇതിഹാസതാരത്തിന് ജയിലിലെ ഫുട്‌ബോള്‍ സ്വാഭാവികമായും കുട്ടിക്കളിയായിരുന്നു. 11-2ന് റൊണാള്‍ഡീന്യോ കളിച്ച ടീം വിജയിക്കുകയും ചെയ്തു. റൊണാള്‍ഡീന്യോ കളിക്കുന്നതിന്റേയും മത്സരശേഷം ജയിലിലെ സഹതടവുപുള്ളികള്‍ക്കൊപ്പം ഫോട്ടോ എടുക്കുന്നതിന്റേയും ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഫുട്‌സാല്‍ മാതൃകയിലുള്ള ചെറിയ മൈതാനത്തായിരുന്നു ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചിരുന്നതെന്ന് പരാഗ്വെന്‍ പത്രമായ Hoy റിപ്പോര്‍ട്ടു ചെയ്തിരുന്നു. കളി കാണാനെത്തിയ റൊണാള്‍ഡീന്യോ ജയിലിലെ ഒരു ഗാര്‍ഡുമായി സംസാരിച്ച് നില്‍ക്കുകയായിരുന്നു. റൊണാള്‍ഡീന്യോയെ കണ്ട ആവേശത്തില്‍ തടവുപുള്ളികളാണ് കളിക്കാന്‍ ഇറങ്ങാന്‍ പ്രോത്സാഹിപ്പിച്ചത്. ഒടുവില്‍ 39കാരനായ റൊണാള്‍ഡീന്യോ കളിക്കളത്തിലേക്ക് ഇറങ്ങുകയും ചെയ്തു.
വ്യാജ പാസ്‌പോര്‍ട്ട് കൈവശം വെച്ചുവെന്ന കുറ്റത്തിനാണ് റൊണാള്‍ഡീന്യോ പരാഗ്വെയില്‍ ജയിലിലായത്. അന്വേഷണം തീരുന്നത് വരെ കോടതി അദ്ദേഹത്തേയും സഹോദരനേയും തടവിലാക്കുകയായിരുന്നു. ഇരുവരേയും വീട്ടു തടങ്കലിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ അഭിഭാഷകര്‍ നടത്തുന്നുണ്ട്. ഇതിനിടെ അഭിഭാഷകരില്‍ ഒരാളായ അഡോള്‍ഫോ മാരിന്‍ കള്ള പാസ്‌പോര്‍ട്ടുമായി മറ്റൊരു രാജ്യത്തേക്ക് കടക്കുന്നത് അറിയില്ലെങ്കില്‍ റൊണാള്‍ഡീന്യോ വിഡ്ഢിയാണെന്നായിരുന്നു പ്രതികരിച്ചത്. ആറ് മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് പരാഗ്വെയില്‍ വ്യാജ പാസ്‌പോര്‍ട്ടില്‍ രാജ്യത്തേക്ക് അതിക്രമിച്ച് കയറുകയെന്നത്.