ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസിൽ എത്തിച്ചപ്പോൾ മുതലുള്ള അഭ്യൂഹങ്ങളാണ് കഴിഞ്ഞദിവസത്തോടെ അവസാനിച്ചത്. മുംബൈയെ നയിക്കാൻ ഹാർദിക് പാണ്ഡ്യയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. രോഹിത് ശർമയെ മാറ്റിയാണ് ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനായി ടീം പ്രഖ്യാപിച്ചത്. ഭാവി മുന്നിൽക്കണ്ടാണ് ക്യാപ്റ്റനെ മാറ്റുന്നതെന്നായിരുന്നു മുംബൈ ടീമിന്റെ പെർഫോമൻസ് മാനേജർ മഹേള ജയവർധനെ അറിയിച്ചത്.
ഐപിഎല്ലിൽ 10 വർഷക്കാലം ടീമിനെ നയിച്ച രോഹിത് ശർമ്മയ്ക്ക് പകരം ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ എത്തുന്നതോടെ ടീമിന് ഗുണകരമാകുമോ എന്ന സംശയവും ആരാധകർ ഉയർത്തുന്നുണ്ട്. രോഹിത്തിൻറെ പരിചയസമ്പത്തും ഉപദേശങ്ങളും തുടർന്നും മുംബൈ ഇന്ത്യൻസിന് മുതൽക്കൂട്ടാകുമെന്നായിരുന്നു ജയവർധനെ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞത്.
2013ൽ റിക്കി പോണ്ടിങ്ങിൽനിന്ന് ക്യാപ്റ്റൻ സ്ഥാനമേറ്റെടുത്ത രോഹിത്ത് ടീമിനെ അഞ്ച് സീസണിൽ കിരീട നേട്ടത്തിലെത്തിച്ചിരുന്നു. 2013, 2015, 2017, 2019, 2020 വർഷങ്ങളിലാണ് രോഹിത്തിന് കീഴിൽ ടീം ഐപിഎൽ ചാമ്പ്യന്മാരായത്. ഐപിഎല്ലിൽ അഞ്ച് കിരീടങ്ങൾ നേടിയ ആദ്യ ക്യാപ്റ്റനെന്ന റെക്കോർഡ് രോഹിത്തിൻറെ പേരിലാണ്. ഇത് കൂടാതെ 2013ൽ ചാമ്പ്യൻസ് ലീഗ് ടി20 കിരീടവും മുംബൈ ഇന്ത്യൻസിന് രോഹിത് ശർമ്മ നേടികൊടുത്തു.
അതേസമയം 2015 മുതൽ 2021 വരെ മുംബൈ ഇന്ത്യൻസിന്റെ ഭാഗമായിരുന്ന ഹാർദിക് ടീമിനായി 92 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് 15 കോടി രൂപയുടെ താരക്കൈമാറ്റത്തിലൂടെയാണ് മുംബൈ ഹാർദിക്കിനെ തിരികെ മുംബൈ തട്ടകത്തിലേക്ക് എത്തിച്ചത്. കഴിഞ്ഞ രണ്ട് സീസണുകളിൽ ടൈറ്റൻസിനെ നയിച്ച താരം രണ്ടു തവണയും ടീമിനെ ഫൈനലിൽ എത്തിക്കാനും കഴിഞ്ഞിരുന്നു.
ഹാർദിക് 2022ലാണ് പുതിയ ടീമായ ഗുജറാത്ത് ടൈറ്റൻസിൽ നായകനായി ചേർന്നത്. ആദ്യ സീസണിൽ കിരീടവും രണ്ടാം സീസണിൽ റണ്ണറപ്പ് സ്ഥാനവും ടൈറ്റൻസിന് ഹാർദിക് നേടിക്കൊടുത്തു. 2022, 2023 സീസണുകളിൽ ഗുജറാത്തിനായി 31 മത്സരങ്ങൾ കളിച്ച ഹാർദിക് 833 റൺസും 11 വിക്കറ്റുകളും നേടിയിട്ടുണ്ട്.