Football Sports

നെയ്മറിനായി വലവീശി റയൽ; 90 മില്യണും സൂപ്പർ താരത്തെയും നൽകാം

മാഡ്രിഡ്: നെയ്മറിന്റെ ട്രാൻസ്ഫർ സംബന്ധിച്ച് ബാഴ്‌സലോണയും പി.എസ്.ജിയും തമ്മിലുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ സൂപ്പർ താരത്തിനു വേണ്ടി റയൽ മാഡ്രിഡ് നീക്കങ്ങൾ ശക്തമാക്കുന്നതായി റിപ്പോർട്ട്. 90 ദശലക്ഷം യൂറോയും, കോച്ച് സൈനദിൻ സിദാനുമായി അകൽച്ചയിലുള്ള ഗരത് ബെയ്‌ലിനെയും നൽകി നെയ്മറിനെ സാന്റിയാഗോ ബെർണാബുവിൽ എത്തിക്കാനാണ് റയൽ നീക്കം നടത്തുന്നതെന്ന് ദി സൺ, ഇന്റിപെന്റന്റ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുസംബന്ധിച്ച് പി.എസ്.ജിയും റയലും തമ്മിൽ ആദ്യവട്ട ചർച്ചകൾ നടന്നു കഴിഞ്ഞെന്നും ട്രാൻസ്ഫറിൽ ഉൾപ്പെട്ട തുകയുടെ കാര്യത്തിലാണ് ചെറിയ അവ്യക്തത നിലനിൽക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഒരു വർഷം മുമ്പുതന്നെ സിദാന്റെ അനിഷ്ടം പിടിച്ചുപറ്റിയ ഗരത് ബെയ്ൽ ദിവസങ്ങൾക്കകം റയൽ മാഡ്രിഡ് വിടുമെന്ന് ഉറപ്പായിട്ടുണ്ട്. തന്റെ മുൻ ക്ലബ്ബായ ടോട്ടനം ഹോട്‌സ്പറിന്റെയും ചൈനീസ് ലീഗിലെ ക്ലബ്ബുകളുടെയും പേരുകളാണ് താരവുമായി ബന്ധപ്പെട്ട് ഉയർന്നു കേൾക്കുന്നത്. ബെയ്ൽ നാളെ തന്നെ ക്ലബ്ബ് വിടുകയാണെങ്കിൽ അത്രയും നല്ലത് എന്ന് സിദാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

രണ്ട് കളിക്കാരെയും 100 ദശലക്ഷം യൂറോയും നൽകാമെന്ന ബാഴ്‌സയുടെ ഓഫർ പി.എസ്.ജി സ്വീകരിച്ചിട്ടില്ലെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. നെയ്മറിനു വേണ്ടി ഉറച്ച ഓഫറുകളൊന്നും വന്നിട്ടില്ലെന്നും കഴിഞ്ഞ പത്തു ദിവസമായി ഇതേ സ്ഥിതിയാണെന്നും പി.എസ്.ജി സ്‌പോർട്ടിംഗ് ഡയറക്ടർ ലിയണർഡോ പറയുന്നു. നെയ്മർ ക്ലബ്ബിനൊപ്പം പരിശീലനം നടത്തുന്നുണ്ടെന്നും ടീമിനൊപ്പം ചൈനയിലേക്ക് യാത്ര ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

നെയ്മർ ക്ലബ്ബ് വിടുന്നതോടെ മുന്നേറ്റത്തിൽ പരിചയസമ്പന്നനായ ബെയ്‌ലിനെ ഉപയോഗിക്കാൻ കഴിയുമെന്നതിനാൽ പി.എസ്.ജി കോച്ച് തോമസ് തുഷലിന് കൈമാറ്റ ട്രാൻസ്ഫറിൽ താൽപര്യമുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇടതുവിങിൽ ബെയ്ൽ കളിച്ചാൽ കെയ്‌ലിയൻ എംബാപ്പെയെ അദ്ദേഹത്തിന്റെ ഇഷ്ടപൊസിഷനായ സെൻട്രൽ ഫോർവേഡ് പൊസിഷനിൽ കളിപ്പിക്കാൻ കഴിയും. അഞ്ചുവർഷത്തിലേറെ റയലിൽ കളിച്ച 30-കാരന്റെ പരിചയ സമ്പത്ത് ചാമ്പ്യൻസ് ലീഗ് പോലുള്ള വലിയ മത്സരങ്ങളിൽ ഉപകാരപ്പെടുമെന്നും കോച്ച് കണക്കുകൂട്ടുന്നു.

അതേസമയം, പി.എസ്.ജിയുമായി ബന്ധപ്പെട്ട വാർത്തകളെക്കുറിച്ച് അറിയില്ലെന്ന് ബെയ്‌ലിന്റെ ഏജന്റ് വ്യക്തമാക്കിയിട്ടുണ്ട്. ബെയ്‌ലിന്റെ ഭാവിയെപ്പറ്റി അവ്യക്തതയില്ല. മോശമായി പെരുമാറിയതിന് സിദാൻ വിശദീകരണം നൽകണം – ജൊനാതൻ ബെർനറ്റ് പറഞ്ഞു.