Football Sports

ഷാഖ്തറിനോട് വീണ്ടും തോറ്റ് റയൽ; ലുകാകു ഡബിളിൽ ഇന്റർ

യുവേഫ ചാമ്പ്യൻസ് ലീഗിൽ മുൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന് ഷാഖ്തർ ഡൊണസ്‌കിനു മുന്നിൽ രണ്ടാംതവണയും കാലിടറി. ഉക്രെയ്‌നിയൻ ക്ലബ്ബിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനാണ് സൈനദിൻ സിദാന്റെ സംഘം തോൽവിയറിഞ്ഞത്. ഇതോടെ ഗ്രൂപ്പ് ബിയിൽ റയൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബൊറുഷ്യ മ്യുഞ്ചൻഗ്ലാദ്ബാക്കിനെ തോൽപ്പിച്ച് ആദ്യജയം സ്വന്തമാക്കിയ ഇന്റർ മിലാൻ നോക്കൗട്ട് പ്രതീക്ഷകൾ നിലനിർത്തി.

മറ്റൊരു മത്സരത്തിൽ കരുത്തരായ ലിവർപൂൾ അയാക്‌സിനെ തോൽപ്പിച്ചപ്പോൾ അത്‌ലറ്റികോ മാഡ്രിഡ് – ബയേൺ മ്യൂണിക്ക് മത്സരം സമനിലയിൽ പിരിഞ്ഞു. കരുത്തരായ മാഞ്ചസ്റ്റർ സിറ്റി എഫ്.സി പോർട്ടോയുടെ തട്ടകത്തിൽ സമനില വഴങ്ങി.

ഗോളൊഴിഞ്ഞ ആദ്യപകുതിക്കു ശേഷം ഡെണ്ടിഞ്ഞോ, മനോർ സോളമൻ എന്നിവരുടെ ഗോളിലാണ് ഷാഖ്തർ റയൽ മാഡ്രിഡിനെ തോൽപ്പിച്ചത്. നേരത്തെ റയലിന്റെ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളിന് ഷാഖ്തർ ജയിച്ചിരുന്നു. നിർണായകമായ മൂന്ന് പോയിന്റോടെ അവർ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയപ്പോൾ റയൽ മൂന്നാമതായി. ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തുള്ള ബൊറുഷ്യ മ്യുഞ്ചൻഗ്ലാദ്ബാക്കിനെ അവരുടെ തട്ടകത്തിൽ 2-3 ന് കീഴടക്കി ഇന്റർ പ്രതീക്ഷ നിലനിർത്തി. മാത്യു ഡെർമിയാൻ ഒന്നും റൊമേലു ലുകാകു രണ്ടും ഗോളുകൾ സന്ദർശകർക്കു വേണ്ടി നേടിയപ്പോൾ ജർമൻ ടീമിന്റെ രണ്ട് ഗോളും നേടിയത് അലസ്സനെ പ്ലിയാണ്. ഇതോടെ, ഒരു റൗണ്ട് മത്സരം മാത്രം ശേഷിക്കുന്ന ഗ്രൂപ്പിൽ ആര് വേണമെങ്കിലും പുറത്താവാം എന്ന സ്ഥിതിയായി.

58-ാം മിനുട്ടിൽ കർട്ടിസ് ജോൺസ് നേടിയ ഏക ഗോളിലാണ് ഡച്ച് കരുത്തരായ അയാക്‌സിനെ ലിവർപൂൾ വീഴ്ത്തിയത്. ഇതോടെ യുർഗൻ ക്ലോപ്പിന്റെ സംഘത്തിന് പ്രീക്വാർട്ടറിൽ ഇടമുറപ്പായി. മിഡ്തിലാന്റിനോട് സമനില വഴങ്ങിയ അറ്റലാന്റ രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയപ്പോൾ അയാക്‌സ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അടുത്ത റൗണ്ട് മത്സരം അറ്റലാന്റക്കും അയാക്‌സിനും നിർണായകമാണ്.

ഗ്രൂപ്പ് എയിൽ മികച്ച പ്രകടനം തുടരുന്ന ബയേൺ മ്യൂണിക്കിനെ അത്‌ലറ്റികോ മാഡ്രിഡ് 1-1 സ്‌കോറിനാണ് സമനിലയിൽ തളച്ചത്. 26-ാം മിനുട്ടിൽ സ്പാനിഷ് സംഘം ജാവോ ഫെലിക്‌സിലൂടെ മുന്നിലെത്തിയെങ്കിലും 86-ാം മിനുട്ടിൽ തോമസ് മ്യൂളറിലൂടെ ബയേൺ ഒപ്പമെത്തുകയായിരുന്നു. 13 പോയിന്റോടെ ബയേൺ ഒന്നാമതും 7 പോയിന്റോടെ അത്‌ലറ്റികോ രണ്ടാമതുമാണ്. ലോകോമോട്ടീവ് മോസ്‌കോയെ തോൽപ്പിച്ച് മൂന്നാം സ്ഥാനത്തെത്തിയ സാൽസ്ബർഗ് നോക്കൗട്ട് പ്രതീക്ഷ നിലനിർത്തി.