ടോക്യോ ഒളിമ്പിക്സ് പുരുഷന്മാരുടെ 57 കിലോഗ്രാം ഗുസ്തി ഫൈനലിൽ ഇന്ത്യയുടെ രവി കുമാർ ദഹിയക്ക് തോൽവി. റഷ്യൻ താരം സൗർ ഉഗുയേവിനോടാണ് രവി കീഴടങ്ങിയത്. അവസാനം വരെ പൊരുതിയാണ് രവി കുമാർ കീഴടങ്ങിയത്. ഇതോടെ താരം വെള്ളിമെഡൽ നേടി. ടോക്യോ ഒളിമ്പിക്സിലെ ഇന്ത്യയുടെ രണ്ടാം വെള്ളിമെഡലാണ് ഇത്. നേരത്തെ ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവാണ് ഇന്ത്യക്കായി വെള്ളി നേടിയത്. (ravi kumar lost wrestling)
രണ്ട് തവണ ലോക ചാമ്പ്യൻ 2 പോയിൻ്റിനു മുന്നിലെത്തിയ റഷ്യൻ താരത്തിനിനെതിരെ 2 പോയിൻ്റുകൾ നേടി രവി തിരികെ വന്നെങ്കിലും അടുത്ത നീക്കത്തിൽ രണ്ട് പോയിൻ്റുകൾ നേടിയ ഉഗുയേവ് രണ്ടിനെതിരെ 4 പോയിൻ്റുകൾക്ക് മുന്നിലെത്തി. രണ്ടാം ഘട്ടത്തിൽ യുഗുയേവ് ഒരു പോയിൻ്റ് കൂടി നേടി ലീഡ് വർധിപ്പിച്ചു. മത്സരത്തിലേക്ക് തിരികെവരാൻ രവി കുമാർ ശ്രമിച്ചെങ്കിലും രണ്ട് പോയിൻ്റുകൾ കൂടി നേടിയ റഷ്യൻ താരം അഞ്ച് പോയിൻ്റ് ലീഡ് നേടി കളിയിൽ ആഥിപത്യം നേടി. എന്നാൽ തിരികെവന്ന രവി 2 പോയിൻ്റുകൾ കൂടി സ്വന്തമാക്കി 4-7 എന്ന നിലയിലെത്തിച്ചു. അവസാന നിമിഷങ്ങളിൽ രവി കുമാർ ജയത്തിനായി കിണഞ്ഞുശ്രമിച്ചെങ്കിലും റഷ്യൻ താരത്തിൻ്റെ പ്രതിരോധം ഭേദിക്കാനായില്ല.
സെമിഫൈനലിൽ ഇന്ത്യയുടെകസാക്കിസ്ഥാൻ താരം നൂരിസ്ലാം സനയേവിനെ കീഴടക്കിയാണ് രവി കുമാർ ഫൈനലിൽ പ്രവേശിച്ചത്. 9-1 എന്ന നിലയിൽ പിന്നിലായിരുന്ന രവി കുമാർ തിരികെ വന്ന് സ്കോർ 9-7 എന്ന നിലയിലെത്തിച്ചു. അവസാന മിനിട്ടിൽ എതിരാളിലെ മലർത്തിയടിച്ചാണ് ഇന്ത്യൻ താരം അവിസ്മരണീയ ജയം സ്വന്തമാക്കിയത്. ക്വാർട്ടർ ഫൈനലിൽ ബൾഗേറിയൻ താരം ജോർജി വാംഗെലോവിനെ കീഴടക്കിയാണ് രവി കുമാർ സെമിയിലെത്തിയത്.
അതേസമയം, ടോക്യോ ഒളിപ്പിക്സ് വനിതകളുടെ ഗുസ്തി മത്സരത്തിലെ ക്വാർട്ടർ ഫൈനലിൽ വിനേഷ് ഫോഗട്ട് തോറ്റു. ഉറച്ച മെഡൽ പ്രതീക്ഷയായിരുന്നു വിനേഷ് ഫോഗട്ട്.
ആദ്യ റൗണ്ടിൽ സ്വീഡിഷ് താരത്തിനെതിരെ അനായാസ വിജയം കരസ്ഥമാക്കിയാണ് വിനേഷ് ഫോഗട്ട് ക്വാർട്ടറിൽ പ്രവേശിച്ചത്. 53 കിലോഗ്രാം ഇനത്തിലായിരുന്നു മത്സരം. സ്വീഡന്റെ സോഫിയ മഗദലേനയെ 7-1 ന് തോൽപ്പിച്ചാണ് വിനേഷ് ഫോഗട്ട് ക്വാർട്ടറിലെത്തിയത്. വിനേഷിന്റെ അറ്റാക്കിലും ഡിഫൻസിലും പതറിപ്പോയ സോഫിയ തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ പോലും കാണിച്ചില്ല.
എന്നാൽ ക്വാർട്ടർ ഫൈനലിൽ ബെലാറസിന്റെ വനേസയോട് ഇന്ത്യയുടെ വിനേഷ് ഫോഗട്ടിന് തോൽക്കേണ്ടി വന്നു.