Sports

രഞ്ജി ട്രോഫി: 300 കടന്ന് കേരളം; കർണാടകയ്ക്കെതിരെ 342ന് ഓൾഔട്ട്

രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് സിയിൽ കർണാടകയ്ക്കെതിരെ കേരളത്തിന് ഭേദപ്പെട്ട സ്കോർ. അദ്യ ഇന്നിംഗ്സിൽ കേരളം 342 റൺസിന് ഓൾ ഔട്ടായി. സച്ചിൻ ബേബി (141) കേരളത്തിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ ജലജ് സക്സേന (57), വത്സൽ ഗോവിന്ദ് (46) എന്നിവരും തിളങ്ങി. കർണാടകയ്ക്കായി കൗശിക് വി 6 വിക്കറ്റ് വീഴ്ത്തി.

പൊന്നം രാഹുൽ (0), രോഹൻ പ്രേം (0), രോഹൻ എസ് കുന്നുമ്മൽ (5) എന്നിവർ വേഗം മടങ്ങിയപ്പോൾ കേരളത്തിന് 6 റൺസ് നേടുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. നാലാം വിക്കറ്റിൽ സച്ചിൻ ബേബിയും വത്സൽ ഗോവിന്ദും ചേർന്നാണ് കേരളത്തെ വൻ തകർച്ചയിൽ നിന്ന് കരകയറ്റിയത്. 120 റൺസ് നീണ്ട നിർണായക കൂട്ടുകെട്ടിനൊടുവിൽ വത്സൽ (46) മടങ്ങി. സർവീസസിനെതിരായ കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ സൽമാൻ നിസാർ റണ്ണൊന്നുമെടുക്കാതെ മടങ്ങിയതോടെ കേരളം വീണ്ടും ബാക്ക്ഫൂട്ടിലായി. ആറാം വിക്കറ്റിൽ സച്ചിൻ ബേബിയും അക്ഷയ് ചന്ദ്രനും (17) ചേർന്ന് 46 റൺസ് കൂട്ടിച്ചേർത്തു. അക്ഷയ് ചന്ദ്രം മടങ്ങിയതോടെ ജലജ് സക്സേന ക്രീസിലെത്തി. കൂടുതൽ നഷ്ടങ്ങളില്ലാതെ ഇരുവരും ആദ്യ ദിനം അവസാനിപ്പിച്ചു.

രണ്ടാം ദിനം കേരളത്തിന് ആദ്യം നഷ്ടമായത് സച്ചിൻ ബേബിയുടെ വിക്കറ്റാണ്. സക്സേനയ്ക്കൊപ്പം 88 റൺസിൻ്റെ അമൂല്യമായ കൂട്ടുകെട്ടുയർത്തിയ ശേഷമാണ് സച്ചിൻ മടങ്ങിയത്. ഇതിനിടെ ജലജ് സക്സേന ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് പിന്നാലെ 57 റൺസെടുത്ത താരം മടങ്ങുകയും ചെയ്തു. 8 വിക്കറ്റ് നഷ്ടത്തിൽ 299 റൺസ് എന്ന നിലയിൽ നിന്ന് വാലറ്റത്തിൻ്റെ പ്രകടനമാണ് കേരളത്തെ മാന്യമായ സ്കോറിലെത്തിച്ചത്. ക്യാപ്റ്റൻ സിജോമോൻ ജോസഫ് (24), നിഥീഷ് എംഡി (22) എന്നിവർ പുറത്തായപ്പോൾ വൈശാഖ് ചന്ദ്രൻ (12) പുറത്താവാതെ നിന്നു.