Football Sports

റാമോസ് പി.എസ്​.ജിക്കായി പന്തുതട്ടും; രണ്ടുവര്‍ഷത്തെ കരാർ ഒപ്പിട്ടു

റയല്‍ മഡ്രിഡ് മുൻ പ്രതിരോധ താരം സെര്‍ജിയോ റാമോസ് ഇനി പി.എസ്​.ജിക്കായി പന്തുതട്ടും. രണ്ടു വര്‍ഷത്തെ കരാറാണ്​ റാമോസും പി.എസ്​.ജിയും തമ്മില്‍ ഒപ്പുവെച്ചത്​​. റാമോസ്​ പി.എസ്​.ജിയിലേക്കെന്ന അഭ്യൂഹങ്ങള്‍ ശരിവെച്ച്‌ ഇന്നാണ്​ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്​.

മഹത്തായ ക്ലബിനൊപ്പം ചേരുന്നതില്‍ അഭിമാനമുണ്ടെന്നും പി.എസ്​.ജി ഉയര്‍ന്ന തലത്തില്‍ സ്വയം തെളിയിച്ച ക്ലബാണെന്നും റാമോസ്​ പ്രതികരിച്ചു. ഈ യുഗത്തിലെ ഏറ്റവും മികച്ച താരത്തെ സ്വാഗതം ചെയ്യുന്നുവെന്നും എക്കാലത്തേയും മികച്ച പ്രതിരോധ ഭടന്‍മാരില്‍ ഒരാളാ​ണ്​ റാമോസെന്നും പി.എസ്​.ജി ചെയര്‍മാര്‍ നാസര്‍ അല്‍ ഖിലാഫി പറഞ്ഞു.

കാലുകൊണ്ടും കരുത്തുകൊണ്ടും റയലിന്‍റെ പ്രതിരോധ നിരക്ക്​ വീര്യം പകര്‍ന്ന താരമാണ് റാമോസ്. 35 കാരനായ റാമോസ്​ റയലിന്‍റെ കുപ്പായത്തില്‍ 671 മത്സരങ്ങളിലാണ്​ കളത്തിലിറങ്ങിയത്​. പ്രതിരോധനിര കാക്കുമ്പോൾ ഗോളുകള്‍ നേടുന്നതില്‍ വൈദഗ്​ധ്യം കാത്തുസൂക്ഷിച്ച റാമോസ്​ 101 ഗോളുകളും തന്‍റെ പേരിലാക്കി. 22 കിരീടങ്ങളിലാണ്​ റയലിനൊപ്പം ​റാ​മോസ് മുത്തമിട്ടത്​. സ്​പാനിഷ്​ കാല്‍പന്തില്‍ ഒരു യുഗം തുന്നിച്ചേര്‍ത്താണ്​ 16 വര്‍ഷങ്ങള്‍ക്ക്​ ശേഷം റാമോസ് റയലിന്‍റെ​ പടിയിറങ്ങിയത്​.