‘കൊറോണ വൈറസ് പോലെ ലോകത്തു നിന്നും തുടച്ചു നീക്കേണ്ട ഒന്നാണ് വംശീയത. അത് അവസാനിപ്പിക്കാന്‍ നമ്മള്‍ വഴി കണ്ടെത്തിയേ തീരൂ.
ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് വംശീയതക്കെതിരെ ബ്രിട്ടനില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മാഞ്ചസ്റ്റര്‍ സിറ്റി താരം റഹീം സ്റ്റെര്‍ലിംഗ്. ‘ഇപ്പോഴുള്ള ഒരേയൊരു രോഗം വംശീയതയാണ്, അതിനെതിരെയാണ് നമ്മുടെ പോരാട്ടം’ എന്നാണ് സ്റ്റെര്‍ലിംഗ് ബി.ബി.സിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞത്.
‘കൊറോണ വൈറസ് പോലെ ലോകത്തു നിന്നും തുടച്ചു നീക്കേണ്ട ഒന്നാണ് വംശീയത. അത് അവസാനിപ്പിക്കാന്‍ നമ്മള്‍ വഴി കണ്ടെത്തിയേ തീരൂ. അതിനുവേണ്ടിയാണ് ഈ പ്രതിഷേധങ്ങളെല്ലാം. തുടര്‍ന്നുവരുന്ന ഈ അനീതി ഇല്ലാതാക്കുകയാണ് പ്രതിഷേധങ്ങള്‍കൊണ്ട് ലക്ഷ്യം വെക്കുന്നത്’ സ്റ്റെര്‍ലിംഗ് പറഞ്ഞു.
ലണ്ടനില്‍ നടന്ന ‘ബ്ലാക് ലൈവ്‌സ് മാറ്റേഴ്‌സ്’ മുന്നേറ്റത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. മറ്റു ബ്രിട്ടീഷ് നഗരങ്ങളിലും സമാനമായ മുന്നേറ്റങ്ങള്‍ നടന്നിരുന്നു. മെയ് 25ന് ജോര്‍ജ്ജ് ഫ്‌ളോയിഡ് എന്ന കറുത്തവര്‍ഗ്ഗക്കാരന്‍ അമേരിക്കയില്‍ കൊല്ലപ്പെട്ടതോടെയാണ് വംശീയതക്കെതിരായ മുന്നേറ്റം ശക്തിപ്രാപിച്ചത്. എട്ട് മിനുറ്റ് കഴുത്തില്‍ കാല്‍മുട്ട് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് ഫ്‌ളോയിഡിനെ അമേരിക്കയിലെ പൊലീസുകാരന്‍ കൊന്നത്.
ഇത്തരത്തിലുള്ള തുറന്നുപറച്ചിലുകള്‍ ഒരു ഫുട്‌ബോളറെന്ന നിലയില്‍ നിങ്ങളുടെ ഭാവി ബുദ്ധിമുട്ടിലാക്കില്ലേ എന്ന ചോദ്യത്തിനും 25കാരനായ സ്‌റ്റെര്‍ലിംഗ് വ്യക്തമായ മറുപടി നല്‍കി. ‘ഇത്തരം കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ എന്താണ് ശരിയെന്നാണ് ചിന്തിക്കുക. അല്ലാതെ എന്താണ് എന്റെ പ്രൊഫഷനെന്നല്ല. നൂറ്റാണ്ടുകളായി ഒരുവിഭാഗം ജനങ്ങള്‍ വിവേചനം അനുഭവിക്കുന്നുണ്ട്. മാറ്റത്തിന് സമയമായി. ഒരുനാള്‍ മാറ്റം സംഭവിക്കുക തന്നെ ചെയ്യും’ എന്ന പ്രതീക്ഷയും റഹീം സ്റ്റെര്‍ലിംഗ് പ്രകടിപ്പിച്ചു.