1960ന് ശേഷം മറഡോണയില്ലാത്ത ആദ്യ ലോകകപ്പ് ആണ് ഖത്തറിലേത്. കളിക്കാരനായും കാഴ്ചക്കാരനായും പരിശീലകനായും ഒക്കെ കഴിഞ്ഞ 16 ലോകകപ്പിലും മറഡോണയുടെ സാന്നിധ്യമുണ്ടായിരുന്നു. മരിച്ചിട്ട് രണ്ട് വര്‍ഷത്തോളമായിട്ടും ആരാധക ലോകത്തിന്റെ വേദനയ്ക്കും വിഷമത്തിനും ഇന്നും കുറവില്ല.
കളിക്കാരനായല്ല, കാഴ്ചക്കാരനായും പരിശീലനകനായും ലോകത്തെ ഉന്മാദിപ്പിച്ച പ്രതിഭയാണ് ഡീഗോ അര്‍മാന്റോ മറഡോണ. കഴിഞ്ഞ 16 ലോകകപ്പിലും ആ സാന്നിധ്യമുണ്ടായിരുന്നു. എന്നാല്‍ ഖത്തറിന്റെ മണ്ണില്‍ അതില്ല. ഗാലറിയിലെ ആര്‍പ്പുവിളികളില്‍ ആ ശബ്ദം കേള്‍ക്കില്ല. 1982ലെ സ്‌പെയിന്‍ ലോകകപ്പില്‍ കളിക്കാരനായി തുടങ്ങി. നാല് വിശ്വവേദികളില്‍ മായാജാലക്കാരനെപ്പോലെ കാല്‍പ്പന്തില്‍ ഇന്ദ്രജാലം തീര്‍ത്തു. മയക്കുമരുന്നിന്റെ ചെകുത്താന്‍ കൂട്ടുകൂടി കളിയവസാനിച്ചപ്പോഴും ഗാലറികളില്‍ അയാളെന്നുമുണ്ടായിരുന്നു.
2010ല്‍ സ്വന്തം രാജ്യത്തിന്റെ പരിശീലകനായി വീണ്ടും മൈതാനത്ത്. പരിശീലകന്റെ കുപ്പായമഴിച്ചപ്പോള്‍ വൈകാരികത മറയ്ക്കാനാകാത്ത ഒരു സാധാരണക്കാരനെ പോലെ മറഡോണ ഗാലറികളില്‍ ആര്‍ത്തുവിളിച്ചു. പാതിയില്‍ നിലച്ച സംഗീതം പോലൊരു വിയോഗം മറഡോണയുടെ ആരാധകരെ ഇന്നും അലട്ടുന്നു. കാഴ്ചക്കാരുടെ മനം നിറയ്ക്കുന്ന മഹാമാന്ത്രികനായിരുന്നു അയാള്‍. വിയര്‍പ്പുണങ്ങാത്ത ഓര്‍മകളുമായി ഡീഗോ ഇന്നും ആരാധകരുടെ ഹൃദയത്തിലുണ്ട്.
ദൈവത്തിന്റെ കയ്യും നൂറ്റാണ്ടിന്റെ ഗോളും എല്ലാം ഇന്നും പറഞ്ഞുപഴകാത്ത നാടോടിക്കഥ പോലെ ഇന്നും ലോകമൊന്നായി ആസ്വദിക്കുന്നു. പക്ഷേ ഗോളടിക്കുമ്പോള്‍, ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ നീലക്കുപ്പായത്തിലിറങ്ങുന്ന അര്‍ജന്റീനക്കാര്‍ക്ക് ഗാലറിയിലേക്ക് നോക്കാന്‍ ഒരു നാഥനില്ല ഇത്തവണ. അര്‍ജന്റീനയുടെ ഗോളുകളില്‍ മതിമറന്ന് പോകുന്ന ആഘോഷപ്രകടനങ്ങളില്ല. വിജയത്തിനായുള്ള പ്രാര്‍ത്ഥനകളില്ല. കാത്തിരിപ്പിനൊടുവില്‍ അര്‍ജന്റീന ലോകകപ്പ് നേടുകയാണെങ്കില്‍ അത് കാണാനും ആ അദൃശ്യസാന്നിധ്യം മാത്രം.