യോനെക്‌സ്-സൺറൈസ് ഇന്ത്യ ഓപ്പൺ ബാഡ്മിന്റണിൽ പി വി സിന്ധു സെമിയിൽ. സ്വന്തം നാട്ടുകാരിയായ അഷ്മിത ചലിഹയെ 36 മിനിറ്റിനുള്ളിൽ കീഴടക്കിയാണ് സിന്ധുവിന്റെ സെമി പ്രേവേശനം. സ്കോർ 21-7, 21-18. പുരുഷ സിംഗിൾസിൽ എച്ച്എസ് പ്രണോയെ പരാജയപ്പെടുത്തി ലോക ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവ് ലക്ഷ്യ സെന്നും സെമിയിൽ എത്തി. സെൻ 14-21, 21-9, 21-14 എന്ന സ്‌കോറിനാണ് തകർപ്പൻ ജയം സ്വന്തമാക്കിയത്.
സെമിയിൽ തായ്‌ലൻഡിന്റെ ആറാം സീഡ് സുപനിദ കാറ്റേതോങ്ങുമായി സിന്ധു ഏറ്റുമുട്ടും. മൂന്നാം സീഡായ സിംഗപ്പൂരിന്റെ യോ ജിയ മിൻ കടുത്ത പനിയെ തുടർന്ന് ടൂർണമെന്റിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ് സുപനിദ സെമിഫൈനലിൽ എത്തിയത്. മൂന്നാം സീഡായ സെൻ സെമിയിൽ മലേഷ്യയുടെ എൻജി സെ യോങ്ങിനെയോ അയർലൻഡിന്റെ നാറ്റ് എൻഗുയെനെയോ നേരിടും.
വെള്ളിയാഴ്ച നടന്ന മറ്റൊരു വനിതാ സെമിഫൈനലിൽ ആകർഷി കശ്യപ് രണ്ടാം സീഡായ തായ്‌ലൻഡിലെ ബുസാനൻ ഒങ്‌ബംരുങ്‌ഫാനെ നേരിടും. ഇന്ത്യൻ താരം മാളവിക ബൻസോദിനെ 21-12, 21-15 എന്ന സ്‌കോറിന് തോൽപിച്ചു. അവസാന എട്ടിലെ മറ്റൊരു പോരാട്ടത്തിൽ അമേരിക്കയുടെ ലോറൻ ലാമിനെ 21-12, 21-8 എന്ന സ്‌കോറിനാണ് ബുസാനൻ പരാജയപ്പെടുത്തിയത്.