ലോകത്താകെ കോവിഡിന്‍റെ രണ്ടാം തരംഗം നാശം വിതക്കുന്ന ഈ സാഹചര്യത്തില്‍ ഒളിമ്പിക്സ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ടോക്യോയില്‍ വലിയ പ്രതിഷേധം. പതിനായിരക്കണക്കിന് ആളുകളാണ് പ്രതിഷേധത്തിന്‍റെ ഭാഗമായി തെരുവില്‍ ഇറങ്ങിയിരിക്കുന്നത്. കോവിഡ് മരണ നിരക്ക് കുറവാണെങ്കിലും വൈറസ് വ്യാപനം ജപ്പാനില്‍ കൂടുതലാണ്.
ഒളിമ്പിക്സ് സ്റ്റേഡിയങ്ങള്‍ക്ക് മുമ്പിലാണ് പ്രതിഷേധം. ഒളിമ്പിക്സ് നടത്താന്‍ ഒരുങ്ങുന്നതിലൂടെ പാവങ്ങളെ മരണത്തിന് എറിഞ്ഞുകൊടുക്കാനുള്ള നടപടിയാണ് ഭരണകൂടം ചെയ്യുന്നതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. ഒളിമ്പിക്സിന്‍റെ പ്രധാന വേദയായ നാഷണല്‍ സ്റ്റേഡിയത്തില്‍ പതിനായിരക്കണക്കിന് ആളുകളാണ് പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
പ്രതിഷേധങ്ങള്‍ ആളിക്കത്തുമ്പോഴും ഒളിമ്പിക്സുമായി മുന്നോട്ടു പോകുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഒളിമ്പിക്‌സ് നടത്തിപ്പിനെ പിന്തുണച്ച് ലോക അത്‌ലറ്റിക്‌സ് തലവന്‍ സെബാസ്റ്റ്യന്‍ കോ രംഗത്തെത്തി. ബുദ്ധിമുട്ടുകള്‍ക്കിടയിലും വിജയകരമായി ഒളിമ്പിക്‌സ് നടത്തുക എന്നത് പ്രതീക്ഷയുടെ കിരണമായി കാണണമെന്നാണ് സെബാസ്റ്റ്യന്‍ കോ പറയുന്നത്.