HEAD LINES Sports

വിദേശത്ത് പോലും വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിക്കാനാണ് ഇഷ്ടം; പ്രഗ്നാനന്ദയുടെ ചെസ്സ് യാത്രയിലെ “അമ്മയുടെ കൈപ്പുണ്യം”!!

ഫിഡെ ചെസ് ലോകകപ്പിൽനോർവേയുടെ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാൾസനോടു പൊരുതിത്തോറ്റ് ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദ. രണ്ട് തവണ കാൾസനെ ടൈയിൽ കുരുക്കിയ പ്രഗ്നാന്ദ എന്നാൽ ഫൈനലിലെ ടൈ ബ്രേക്കറിലെ ആദ്യ ഗെയിമിൽ തോൽവി നേരിട്ടു. പിന്നാലെ നടന്ന ഗെയിമിലും വിജയിച്ചാണ് മാഗ്നസ് കാൾസൺ ലോകകിരീടം സ്വന്തമാക്കിയത്.

ക്വര്‍ട്ടർ മത്സരത്തിലെ വിജയത്തിന് ശേഷം പ്രഗ്നാനന്ദ നൽകിയ അഭിമുഖവും ആർക്കും പെട്ടെന്ന് മറക്കാൻ സാധിക്കില്ല. മാധ്യമങ്ങളുടെ മൈക്കിന് മുമ്പില്‍ നിന്ന് മറുപടി നല്‍കുന്ന പ്രഗ്നാന്ദയക്ക് സമീപം മകന്‍റെ വളര്‍ച്ച അത്ഭുതത്തോടെ നോക്കി നില്‍ക്കുന്ന അമ്മ നാഗലക്ഷ്മിയുമുണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം ഈ ചിത്രം പെട്ടെന്നാണ് വൈറലായത്. തന്റെ ഓരോ നേട്ടത്തിന് പിന്നിലും അമ്മയുണ്ട് എന്നും പ്രഗ്നാനന്ദ പറഞ്ഞിരുന്നു. കഠിനയമായ പരിശ്രമവും പരിശീലനവും മാത്രമല്ല അദ്ദേഹത്തിന്റെ വിജയരഹസ്യം.

ലോകമെമ്പാടും സഞ്ചരിക്കുമ്പോഴും പ്രഗ്നാനന്ദ ആസ്വദിക്കുന്നത് വീട്ടിൽ പാകം ചെയ്ത ഭക്ഷണമാണ്. എവിടേക്ക് യാത്ര പോകുമ്പോഴും പ്രഗ്നാനന്ദയുടെ അമ്മ ഒരു കുക്കറും ഇൻഡക്ഷൻ സ്റ്റൗവും കൂടെ കൊണ്ടുപോകുന്നു. ലോകത്തിന്റെ എവിടെയാണെങ്കിലും മകന് രസവും ചോറും ആസ്വദിക്കാൻ കഴിയും. വിദേശത്ത് പോലും വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിക്കാനാണ് പ്രഗ്നാനന്ദയ്ക്ക് ഇഷ്ടം എന്നും പിടിഐ റിപ്പോർട്ട് ചെയ്തു.

വളരെ കുഞ്ഞിലെ തന്നെ വൈശാലിയുടെയും പ്രഗ്നാനന്ദയുടെയും കൂട്ട് ചെസ്സ് ബോർഡുകളാണ്. കുട്ടിക്കാലം തൊട്ട് വൈശാലിയ്‌ക്കൊപ്പം കണ്ടും കളിച്ചും പഠിച്ച ചതുരംഗക്കളത്തിലെ മാസ്മരിക ലോകം പ്രഗ്നാനന്ദയ്ക്ക് വളരെ പെട്ടെന്ന് തന്നെ പ്രിയപ്പെട്ടതായി. സഹോദരി വൈശാലിയുടെ ടെലിവിഷൻ പ്രേമം അധികരിച്ചപ്പോൾ മാതാപിതാക്കൾ ചേർന്ന് കണ്ടെത്തിയ പരിഹാരമായിരുന്നു ചെസ്. പ്രഗ്നാനന്ദയെ മാത്രമല്ല, വൈശാലിയെയും അമ്മ തന്നെയാണ് കൈപിടിച്ച് നടത്തുന്നത്. വൈശാലിയും ഗ്രാൻഡ്‌മാസ്റ്ററാണ്.

തന്റെ കുട്ടികൾക്ക് പരിശീലിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം വീട്ടിൽ ഉണ്ടെന്ന് നാഗലക്ഷ്മി ഉറപ്പുവരുത്താറുണ്ട്. അവരെ ക്ലാസുകളിലേക്ക് കൊണ്ടുപോകുകയും ലോകമെമ്പാടുമുള്ള മത്സരങ്ങളിൽ അവർക്കൊപ്പം ഉണ്ടാകുകയും ചെയ്യും. പ്രഗ്നാനന്ദയെ പോലെ തന്നെ അദ്ദേഹത്തിന്റെ സഹോദരി വൈശാലിയും ഒരു വനിതാ ഗ്രാൻഡ്മാസ്റ്ററും മികച്ച ചെസ്സ് കളിക്കാരിയും ആണ്.

ടൂർണമെന്റുകളിൽ അവർക്കൊപ്പം യാത്ര ചെയ്യുകയും വളരെയധികം അവരെ പിന്തുണയ്ക്കുകയും ചെയ്യുന്ന എന്റെ ഭാര്യയ്ക്കാണ് ഇതിന്റെ ക്രെഡിറ്റ് എന്നും പ്രഗ്നാനന്ദയുടെയും വൈശാലിയുടെയും പിതാവ് രമേശ്ബാബു ചെന്നൈയിലെ വസതിയിൽ പിടിഐയോട് പറഞ്ഞു. ടിഎൻഎസ്‌സി ബാങ്ക് മാനേജരായ രമേഷ്ബാബു പോളിയോ രോഗബാധിതനാണ്.

“കുട്ടിക്കാലത്ത് ടിവി കാണാനുള്ള ശീലം കുറയ്ക്കാൻ വേണ്ടിയാണ് വൈശാലിയ്ക്ക് ചെസ്സ് പരിചയപ്പെടുത്തിയത്. പിന്നീട് രണ്ട് മക്കളുടെയും ലോകം ചെസ്സായി മാറുകയും ചെയ്തു. ഇരുവരും ചെസ്സ് കളിക്കുന്നത് ആസ്വദിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. കൂടാതെ ചെസ്സിനോടുള്ള അവരുടെ അഭിനിവേശത്തിന് നന്ദി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദേശത്ത് പോലും വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിക്കാനാണ് പ്രഗ്നാനന്ദയ്ക്ക് ഇഷ്ടമെന്നും അതുകൊണ്ടാണ് അമ്മ ഇൻഡക്ഷൻ സ്റ്റൗവും കുക്കറും അരിയും കുറച്ച് മസാലകളും കൂടെ കൊണ്ടുപോകുന്നതെന്നും രമേശ്ബാബു സ്ഥിരീകരിച്ചു.