സ്റ്റേഡിയത്തിൽ എത്തുമ്പോഴേ ആരെ ക്യാപ്റ്റനാക്കണമെന്ന് തീരുമാനിക്കൂ എന്ന് പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാൻ്റോസ്. ദക്ഷിണ കൊറിയക്കെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ക്രിസ്റ്റ്യാനോയുടെ ആംഗ്യം വിവാദമായിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് പരിശീലകൻ്റെ പ്രതികരണം. ഇന്ന് നടക്കുന്ന പ്രീ ക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെതിരെയാണ് പോർച്ചുഗലിൻ്റെ അടുത്ത മത്സരം.
“എനിക്കത് ഇഷ്ടപ്പെട്ടില്ല. പക്ഷേ, അത് പരിഹരിച്ചു. സ്റ്റേഡിയത്തിൽ എത്തുമ്പോഴേ ആരെ ക്യാപ്റ്റനാക്കണമെന്ന് തീരുമാനിക്കൂ. ലൈനപ്പ് എങ്ങനെയാവുമെന്ന് പോലും അറിയില്ല. അങ്ങനെയാണ് ഞാൻ ഏപ്പോഴും ചെയ്യാറുള്ളത്. എപ്പോഴും ചെയ്യാറുള്ളത് തന്നെ ചെയ്യും.”- ഫെർണാണ്ടോ സാൻ്റോസ് പറഞ്ഞു.
ദക്ഷിണ കൊറിയൻ താരത്തിനോട് മിണ്ടാതിരിക്കാൻ ആംഗ്യം കാണിക്കുന്ന ക്രിസ്റ്റ്യാനോയുടെ ചിത്രമാണ് വിവാദമായത്. തന്നെ സബ് ചെയ്തപ്പോൾ ഒരു ദക്ഷിണ കൊറിയൻ താരം വേഗം കേറിപ്പോവാൻ തന്നോട് പറഞ്ഞു എന്നും അത് പറയാൻ അയാൾക്ക് അധികാരമില്ലാത്തതിനാലാണ് താൻ അങ്ങനെ ചെയ്തതെന്നും ക്രിസ്റ്റ്യാനോ വിശദീകരിച്ചിരുന്നു.