ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യക്ക് രണ്ടാം സ്വർണം. പുരുഷന്മാരുടെ എഫ്-64 ജാവലിൻ ത്രോയിൽ സുമിത് അൻ്റിലാണ് ഇന്ത്യയുടെ രണ്ടാം സ്വർണം നേടിയത്. ലോക റെക്കോർഡോടെയാണ് സുമിതിൻ്റെ മെഡൽ നേട്ടം. ആദ്യ ത്രോയിൽ 66.95 മീറ്റർ എറിഞ്ഞ് റെക്കോർഡിട്ട സുമിത് അടുത്ത ഏറിൽ ആ ദൂരം തിരുത്തി 68.08 ദൂരത്തേക്ക് ജാവലി എറിഞ്ഞ് ആ റെക്കോർഡ് തിരുത്തി. അവസാന ത്രോയിൽ ആ റെക്കോർഡും സുമിത് തിരുത്തി. 68.55 മീറ്ററാണ് അവസാന ത്രോയിൽ അദ്ദേഹം കണ്ടെത്തിയത്. (Paralympics Sumit Antil gold)
ടോക്യോ പാര അത്‌ലറ്റിലെ ആദ്യ സ്വർണ മെഡലാണ് ഇന്ത്യക്ക് സുമിതിലൂടെ ലഭിച്ചത്. ഒപ്പം മത്സരിച്ച മറ്റൊരു ഇന്ത്യൻ താരം സന്ദീപ് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 66.29 മീറ്റർ എറിഞ്ഞ ഓസ്ട്രേലിയയുടെ മൈക്കൽ ബുരിയൻ വെള്ളിയും 65.61 മീറ്റർ ദൂരം കണ്ടെത്തിയ ശ്രീലങ്കയുടെ ദുലൻ കൊടിത്തുവാക്കു വെങ്കലവും നേടി.
ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നില 7 ആയി. 2 സ്വർണവും 4 വെള്ളിയും ഒരു വെങ്കലവുമാണ് ഇതുവരെ ഇന്ത്യയുടെ സമ്പാദ്യം.