പാരാലിമ്പിക്സ് ഇന്ത്യക്ക് വീണ്ടും സ്വർണം. എസ്എൽ3 പുരുഷ വ്യക്തിഗത ബാഡ്മിൻ്റൺ ഫൈനലിലാണ് ഇന്ത്യ ടോക്യോ പാരാലിമ്പിക്സിലെ നാലാം സ്വർണം കുറിച്ചത്. ബ്രിട്ടണിൻ്റെ ഡാനിയൽ ബെഥലിനെ കീഴടക്കി പ്രമോദ് ഭാഗത് ആണ് ഇന്ത്യക്കായി സുവർണ നേട്ടം കുറിച്ചത്. സ്കോർ 21-14, 21-17. ഈയിനത്തിൽ വെങ്കലവും ഇന്ത്യക്ക് തന്നെയാണ്. ജപ്പാൻ്റെ ദൈസുക്കെ ഫുജിഹാരയെ 22-20, 21-13 എന്ന സ്കോറുകൾക്ക് കീഴടക്കി മനോജ് സർക്കാർ ആണ് ഇന്ത്യക്കായി വെങ്കലം നേടിയത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നില 17 ആയി. 4 സ്വർണവും ഏഴ് വെള്ളിയും 6 വെങ്കലവുമാണ് ഇന്ത്യക്കുള്ളത്. പാരാലിമ്പിക്സ് ചരിത്രത്തിലാദ്യമായാണ് ഇക്കുറി ബാഡ്മിൻ്റൺ നടന്നത്. അതുകൊണ്ട് തന്നെ ഈയിനത്തിലെ ആദ്യ മെഡലുകൾ നേടിയ താരങ്ങളെന്ന റെക്കോർഡും ഇന്ത്യൻ താരങ്ങൾ കുറിച്ചു. (paralympics badminton gold bronze)
ലോക ഒന്നാം നമ്പർ താരമായ പ്രമോദും രണ്ടാം നമ്പർ താരമായ ബെഥലും തമ്മിലുള്ള പോരാട്ടത്തിൽ ആധികാരികമായാണ് ഇന്ത്യൻ താരം വിജയിച്ചത്. രണ്ട് സെറ്റുകളിലും തുടക്കത്തിൽ ലീഡെടുത്ത ബെഥലിനെ പിന്നീട് തുടർച്ചയായി പോയിൻ്റുകൾ സ്വന്തമാക്കിയ പ്രമോദ് അനായാസം കീഴടക്കുകയായിരുന്നു. മനോജ് സർക്കാർ ആവട്ടെ ആദ്യ സെറ്റ് ജപ്പാൻ താരത്തിൻ്റെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് സ്വന്തമാക്കിയത്. രണ്ടാം സെറ്റിൽ കൂടുതൽ ആധികാരികത കാണിച്ച താരം സെറ്റും ഗെയിമും സ്വന്തമാക്കുകയായിരുന്നു.
ഇന്നലെ അമ്പെയ്ത്തിൽ ഹർവിന്ദർ സിംഗ് ആണ് ഇന്ത്യക്കായി വെങ്കല മെഡൽ നേടിയിരുന്നു. പാരാലിമ്പിക്സ് അമ്പെയ്ത്തിലെ ഇന്ത്യയുടെ ആദ്യ മെഡലാണിത്. കൊറിയയുടെ എംഎസ് കിമ്മിനെയാണ് ഹർവിന്ദർ കീഴടക്കിയത്. ഷൂട്ടോഫിലേക്ക് നീണ്ട ആവേശജനകമായ മത്സരത്തിൽ 6-5 എന്ന സ്കോറിനായിരുന്നു ഇന്ത്യൻ താരത്തിൻ്റെ ജയം. ഇതോടെ ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ നില 13 ആയി.
നേരത്തെ, വനിതകളുടെ 50 മീറ്റർ റൈഫിൾ ത്രീ എസ്എച്ച് വിഭാഗത്തിൽ ഇന്ത്യ മെഡൽ നേടിയിരുന്നു. ഇന്ത്യക്ക് വേണ്ടി അവാനി ലെഖാറയാണ് വെങ്കല മെഡൽ നേടിയത്. നേരത്തെ, പത്ത് മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിംഗ് വിഭാഗത്തിൽ അവാനി നേരത്തെ സ്വർണം നേടിയിരുന്നു. ഇതോടെ പാരാലിമ്പിക്സിൽ ഇരട്ട മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന നേട്ടവും അവാനി സ്വന്തമാക്കി.