Sports

ന്യൂസീലൻഡിനെതിരെ 5 വിക്കറ്റ് ജയം; ത്രിരാഷ്ട്ര പരമ്പര പാകിസ്താന്

ബംഗ്ലാദേശ്, ന്യൂസീലൻഡ് എന്നീ ടീമുകൾ ഉൾപ്പെടുന്ന ത്രിരാഷ്ട്ര പരമ്പര പാകിസ്താന്. ഫൈനലിൽ ന്യൂസീലൻഡിനെ അഞ്ച് വിക്കറ്റിനു മറികടന്നാണ് പാകിസ്താൻ്റെ ജയം. ന്യൂസീലൻഡ് മുന്നോട്ടുവച്ച 164 റൺസ് വിജയലക്ഷ്യം 3 പന്തും 5 വിക്കറ്റും ബാക്കിനിർത്തി പാകിസ്താൻ മറികടന്നു. കെയിൻ വില്ല്യംസൺ (59) ന്യൂസീലൻഡിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ മുഹമ്മദ് നവാസ് (38 നോട്ടൗട്ട്) പാകിസ്താനു വേണ്ടി തിളങ്ങി. 

ഫിൻ അലൻ (12) തുടരെ മൂന്ന് ബൗണ്ടറികൾക്ക് ശേഷം ആദ്യ ഓവറിൽ തന്നെ മടങ്ങിയെങ്കിലും കെയിൻ വില്ല്യംസണിൻ്റെ തകർപ്പൻ ഫോം ന്യൂസീലൻഡിനു കരുത്തായി. ഡെവോൺ കോൺവേ (14) പുറത്തായതിനു പിന്നാലെ എത്തിയ ഗ്ലെൻ ഫിലിപ്സും നന്നായി ബാറ്റ് വീശിയതോടെ ന്യൂസീലൻഡിൻ്റെ സ്കോർ ഉയർന്നു. 3ആം വിക്കറ്റിൽ വില്ല്യംസണും ഫിലിപ്സും ചേർന്ന് 50 റൺസ് കൂട്ടിച്ചേർത്തു. ഗ്ലെൻ ഫിലിപ്സ് (29) പുറത്തായതോടെ ക്രീസിലെത്തിയ മാർക്ക് ചാപ്മാനും മികച്ച ഫോമിലായിരുന്നു. ഇതിനിടെ 33 പന്തുകളിൽ വില്ല്യംസൺ ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് പിന്നാലെ താരം മടങ്ങി. ചാപ്മാൻ (25), ജിമ്മി നീഷം (17) എന്നിവരും ന്യൂസീലൻഡ് നിരയിൽ തിളങ്ങി. 17-180 വരെയെങ്കിലും എത്തേണ്ട സ്കോർ സ്ലോഗ് ഓവറുകളിൽ ഗംഭീരമായി പന്തെറിഞ്ഞ പാക് ബൗളർമാർ തടഞ്ഞുനിർത്തുകയായിരുന്നു.

മറുപടി ബാറ്റിംഗിൽ പാകിസ്താൻ നന്നായി തുടങ്ങി. എന്നാൽ, മധ്യ ഓവറുകളിൽ അവർക്ക് അടിപതറുകയായിരുന്നു. ബാബർ അസം (15), ഷാൻ മസൂദ് (19), മുഹമ്മദ് റിസ്വാൻ (34) എന്നിവർ തുടരെ പുറത്തായപ്പോൾ പാകിസ്താൻ പതറി. എന്നാൽ, നാല്, അഞ്ച് നമ്പറുകളിലെത്തിയ മുഹമ്മദ് നവാസും ഹൈദർ അലിയും ആക്രമണോത്സുക ബാറ്റിംഗ് പുറത്തെടുത്തു. 14 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 97 റൺസെന്ന നിലയിൽ സമ്മർദ്ദത്തിലായിരുന്ന പാകിസ്താൻ ഇഷ് സോധി എറിഞ്ഞ 15ആം ഓവറിലാണ് കളി പിടിച്ചത്. ഓവറിൽ 3 സിക്സറും ഒരു ബൗണ്ടറിയും സഹിതം പിറന്നത് 25 റൺസ്. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 54 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. 15 പന്തുകളിൽ 31 റൺസെടുത്ത് ഹൈദർ അലി മടങ്ങിയെങ്കിലും ഇഫ്തിക്കാർ അഹ്‌മദുമായി (25) ചേർന്ന് മുഹമ്മദ് നവാസ് പാകിസ്താനെ വിജയിപ്പിക്കുകയായിരുന്നു. ഇഫ്തിക്കാറും മുഹമ്മദ് നവാസും നോട്ടൗട്ടാണ്.