Sports

ഇന്ത്യ ഏഷ്യാ കപ്പിനായി പാകിസ്താനിലെത്തിയില്ലെങ്കിൽ 2023 ലോകകപ്പിൽ നിന്ന് പാകിസ്താൻ പിന്മാറിയേക്കുമെന്ന് റിപ്പോർട്ട്

ഇന്ത്യ അടുത്ത കൊല്ലത്തെ ഏഷ്യാ കപ്പിനായി പാകിസ്താനിലെത്തിയില്ലെങ്കിൽ 2023 ലോകകപ്പിൽ നിന്ന് പാകിസ്താൻ പിന്മാറിയേക്കുമെന്ന് റിപ്പോർട്ട്. പിസിബി അധികൃതരെ ഉദ്ധരിച്ച് പ്രെസ് ട്രസ്റ്റ് ഓഫ് ഇന്ത്യ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. അടുത്ത വർഷത്തെ ഏഷ്യാ കപ്പിന് പാകിസ്താനും ഏകദിന ലോകകപ്പിന് ഇന്ത്യയുമാണ് ആതിഥേയത്വം വഹിക്കുന്നത്. 

ഇങ്ങനെ മുന്നോട്ടുപോകാനാണ് ബിസിസിഐയുടെ പദ്ധതിയെങ്കിൽ പാകിസ്താനും അത്തരത്തിൽ തീരുമാനങ്ങളെടുക്കാൻ തയ്യാറാണെന്ന് മുതിർന്ന പിസിബി പ്രതിനിധി പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. മൾട്ടി നാഷണൽ ഇവൻ്റുകളിൽ പാകിസ്താൻ ഇന്ത്യക്കെതിരെ കളിച്ചില്ലെങ്കിൽ അത് ഐസിസിയ്ക്കും എസിസിയ്ക്കും സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് തങ്ങൾക്ക് അറിയാമെന്നും പിസിബി പ്രതിനിധി പറഞ്ഞു.

ഏഷ്യാ കപ്പ് നിക്ഷ്പക്ഷ വേദിയിലേക്ക് മാറ്റുന്നത് പരിഗണിക്കുമെന്ന ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷായുടെ പ്രസ്താവനക്കെതിരെ പാകിസ്താൻ്റെ മുൻ താരം സഈദ് അൻവർ രംഗത്തുവന്നിരുന്നു. ഏഷ്യാ കപ്പ് നിക്ഷ്പക്ഷ വേദിയിലാക്കുകയാണെങ്കിൽ 2023ൽ ഇന്ത്യയിൽ നടക്കേണ്ട ഏകദിന ലോകകപ്പും നിക്ഷ്പക്ഷ വേദിയിലാക്കണമെന്ന് സഈദ് അൻവർ പറഞ്ഞു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

‘പിഎസ്എലിനായി എല്ലാ രാജ്യാന്തര ക്രിക്കറ്റ് താരങ്ങളും പാകിസ്താനിലേക്ക് വരുമ്പോൾ എന്താണ് ബിസിസിഐയുടെ പ്രശ്നം? ഏഷ്യാ കപ്പ് നിക്ഷ്പക്ഷ വേദിയിലാക്കുകയാണെങ്കിൽ 2023ൽ ഇന്ത്യയിൽ നടക്കേണ്ട ഏകദിന ലോകകപ്പും നിക്ഷ്പക്ഷ വേദിയിലാക്കണമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെടണം.’- അൻവർ പറഞ്ഞു.

ബിസിസിഐയുടെ വാർഷിക ജനറൽ ബോഡി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ജയ് ഷാ തീരുമാനം അറിയിച്ചത്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ പുറത്തുവന്ന റിപ്പോർട്ടുകൾ തള്ളിക്കൊണ്ടാണ് ജയ് ഷായുടെ പ്രതികരണം.

“പാകിസ്താനിലേക്ക് പോകാൻ സർക്കാർ അനുവാദം വേണം. അടുത്ത വർഷം പാകിസ്താനിൽ നടക്കേണ്ട ഏഷ്യാ കപ്പ് നിക്ഷ്പക്ഷ വേദിയിലേക്ക് മാറ്റും.”- ജയ് ഷാ പറഞ്ഞു. 2008ലെ ഏഷ്യാ കപ്പിനു ശേഷം ഇന്ത്യ ഇതുവരെ പാകിസ്താനിൽ ക്രിക്കറ്റ് പര്യടനം നടത്തിയിട്ടില്ല.