Sports

ടോക്യോ ഒളിമ്പിക്സ്: ഗുസ്തിയിൽ രവികുമാറും ദീപക് പുനിയയും സെമിയിൽ

ടോക്യോ ഒളിമ്പിക്സ് പുരുഷ ഗുസ്തിയിൽ ഇന്ത്യൻ താരങ്ങൾ സെമിയിൽ. 57 കിലോഗ്രാമിൽ രവികുമാറും 86 കിലോഗ്രാമിൽ ദീപക് പുനിയയുമാണ് അവസാന നാലിലെത്തിയത്. ബൾഗേറിയൻ താരം ജോർജി വാംഗെലോവിനെ കീഴടക്കി രവികുമാർ മുന്നേറിയപ്പോൾ ചൈനയുടെ ലിൻ സുഷെൻ ആണ് ദീപകിനു മുന്നിൽ വീണത്. സെമിയിൽ രവി കസാക്കിസ്ഥാൻ്റെ നൂരിസ്ലാം സനയേവിനെയും ദീപക് അമേരിക്കൻ താരം ഡേവിഡ് മോറിസിനെയും നേരിടും. (olympics ravi deepak punia)

അതേസമയം, വനിതാ ​ഗുസ്തിയിൽ അൻഷു മാലിക്കിന് ആദ്യ റൗണ്ടിൽ തോൽവി. ബെലാറസ് താരം ഇറൈന 8-2 നാണ് ഇന്ത്യയെ തോൽപ്പിച്ചത്. വനിതകളുടെ ഫ്രീസ്റ്റൈൽ 57 കിലോ​ഗ്രാം ഇനത്തിലായിരുന്നു മത്സരം.

വനിതകളുടെ ​ഗുസ്തി സെമിഫൈനലിൽ ഇന്ത്യയുടെ ലോവ്ലീന ബോർ​ഗോഹെയ്ൻ ഇന്ന് കളത്തിലിറങ്ങും. തുർക്കിയാണ് എതിരാളി. വനിതാ ഹോക്കി സെമി ഫൈനൽ മത്സരം ഇന്ത്യൻ സമയം 3.30 ന് ആരംഭിക്കും. അർജന്റീനയെയാണ് ഇന്ത്യൻ സംഘം നേരിടുക.

പുരുഷ വിഭാ​ഗം ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനൽ റൗണ്ടിൽ പ്രവേശിച്ചു. യോ​ഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തിൽ 86.65 മീറ്റർ താണ്ടിയാണ് ഫൈനൽ ഉറപ്പിച്ചത്. നീരജ് ചോപ്രയ്ക്ക് പുറമെ, ജർമനിയുടെ വെറ്ററും ഫിൻലൻഡിന്റെ ലസ്സിയും ഫൈനലിലേക്ക് യോ​ഗ്യത നേടി. 85.64 മീറ്റർ മൂന്നാം ശ്രമത്തിലെറിഞ്ഞാണ് ലോക നമ്പർ വൺ താരമായ വെറ്റർ യോ​ഗ്യത നേടിയത്. ലസ്സി ആദ്യ ശ്രമത്തിൽ 84.50 മീറ്ററാണ് താണ്ടിയത്.

ഇന്നലെ, വനിതകളുടെ 200 മീറ്റർ ഓട്ടത്തിൽ ജമൈക്കയുടെ എലൈൻ തോംസൺ സ്വർണം നേടി. 100 മീറ്റർ ഓട്ടത്തിലും സ്വർണമെഡൽ സ്വന്തമാക്കിയ താരം ഇതോടെ ഒളിമ്പിക്സ് ഡബിളും സ്വന്തമാക്കി. 21.53 സെക്കൻഡിലാണ് എലൈൻ രണ്ടാം സ്വർണത്തിലേക്ക് ഓടിക്കയറിയത്. 21.81 സെക്കൻഡിൽ ഫിനിഷ് ചെയ്ത നമീബിയയുടെ ക്രിസ്റ്റീൻ എംബോമയ്ക്ക് വെള്ളിമെഡൽ ലഭിച്ചു. 21.87 സെക്കൻഡിൽ ഫിനിഷ് ലൈൻ കടന്ന അമേരിക്കൻ താരം ഗബ്രിയേൽ തോമസിനാണ് വെങ്കലം.

200 മീറ്റർ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സമയമാണ് ടോക്യോയിൽ എലൈൻ തോംസൺ കുറിച്ചത്. 2016 റിയോ ഒളിമ്പിക്സിലും എലൈൻ തോംസൺ 100, 200 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയിരുന്നു. ഡബിൾ നേട്ടത്തോടെ തുടർച്ചയായ രണ്ട് ഒളിമ്പിക്സുകളിൽ സ്പ്രിൻ്റ് ഡബിൾ തികയ്ക്കുന്ന ആദ്യ വനിതാ താരമെന്ന റെക്കോർഡും ജമൈക്കൻ താരം സ്വന്തം പേരിൽ കുറിച്ചു.