Sports

ഒളിംപിക്‌സ് ദീപശിഖ ജപ്പാനിലെത്തി, ആളും ആരവവുമില്ലാതെ

ഒളിംപിക്‌സ് ദീപശിഖയും വഹിച്ചുകൊണ്ടുള്ള വിമാനം ഗ്രീസില്‍ നിന്നും ജപ്പാനിലെത്തി. കോവിഡ് 19 ഭീതിയെ തുടര്‍ന്ന് ഒളിംപിക്‌സ് മാറ്റിവെക്കുമെന്ന ആശങ്കകള്‍ക്കിടെയാണ് ദീപശിഖ ജപ്പാനിലെത്തിയത്. പതിവ് ആഘോഷപരിപാടികളൊന്നുമില്ലാതെ ആളും ആരവവുമില്ലാതെയാണ് ദീപശിഖ ജപ്പാനിലെത്തിയത്.

ജപ്പാനിലെ മിയാഗിയിലെ മാറ്റ്‌സുഷിമ വ്യോമതാവളത്തിലായിരുന്നു ദീപശിഖ വഹിച്ചവിമാനം ഇറങ്ങിയത്. ഇക്കാര്യം ടോക്യോ 2020 ഒളിംപിക്‌സിന്റെ അക്കൗണ്ട് തന്നെ ട്വീറ്റ് ചെയ്യുകയായിരുന്നു. സുനാമിയും ഭൂമികുലുക്കവും ബാധിച്ച് തകര്‍ന്നുപോയ തൊഹുക്കു മേഖലയിലാണ് ഈ വിമാനത്താവളം ഉള്ളത്. ജപ്പാന്റെ തിരിച്ചുവരവിന്റെ പ്രതീകമായാണ് ഈ വ്യോമതാവളം തന്നെ ഒളിംപിക്‌സ് ദീപശിഖ ഇറങ്ങാനായി തെരഞ്ഞെടുത്തത്.

ജൂലൈ 24 മുതല്‍ ആഗസ്ത് ഒമ്പത് വരെയാണ് ടോക്യോ ഒളിംപിക്‌സ് നിശ്ചയിച്ചിരിക്കുന്നത്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഒളിംപിക്‌സ് മാറ്റിവെക്കണമെന്ന ആവശ്യം പല മേഖലകളില്‍ നിന്നും ഉയരുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ കായിക മേളക്ക് മുമ്പ് ആവശ്യമായ മുന്നൊരുക്കം നടത്താന്‍ സാധിക്കുന്നില്ലെന്ന പരാതി കായികതാരങ്ങൡ നിന്നും ഉയരുന്നുണ്ട്. അതേസമയം ഒളിംപിക്‌സിന്റെ കാര്യത്തില്‍ അന്തിമ തീരുമാനത്തിന് അല്‍പം കൂടി കാത്തിരിക്കാമെന്നാണ് ഐ.ഒ.സിയുടെ നിലപാട്.