Football Sports

അവിസ്മരണീയ പ്രകടനവുമായി ജെറി; മുംബൈ സിറ്റിയെ തകർത്ത് ഒഡീഷ

മുംബൈ സിറ്റിയെ ഞെട്ടിച്ച് ഒഡീഷ എഫ്സി. ഐഎസ്എലിൽ ഇന്ന് നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാന് ഒഡീഷ ജയിച്ചുകയറിയത്. രണ്ട് ഗോളും ഒരു അസിസ്റ്റുമായി തിളങ്ങിയ ജെറി മുംബൈയെ ഞെട്ടിക്കുകയായിരുന്നു. അരിഡയ് കബ്രേറ, ജൊനാതസ് ഡെ ജെസുസ് എന്നിവരും ഒഡീഷയ്ക്കായി ഗോളുകൾ കണ്ടെത്തി. അഹ്മദ് ജാഹൂ, ഇഗോർ അംഗൂളോ എന്നിവരാണ് മുംബൈയുടെ ഗോൾ സ്കോറർമാർ.

മത്സരത്തിൻ്റെ എല്ലാ മേഖലകളിലും ആധിപത്യം പുലർത്തിയ മുംബൈയ്ക്ക് ഒഡീഷ പ്രതിരോധം തകർക്കാൻ കഴിയാതെ പോയതാണ് തിരിച്ചടിയായത്. പോയിൻ്റ് പട്ടികയിൽ ഒന്നാമതുള്ള മുംബൈക്കെതിരെ നാലാം മിനിട്ടിൽ തന്നെ കബ്രേറയിലൂടെ ഒഡീഷ മുന്നിലെത്തി. എന്നാൽ, 10ആം മിനിട്ടിൽ ജാഹൂവിലൂടെ തിരിച്ചടിച്ച മുംബൈ 38ആം മിനിട്ടിൽ അംഗൂളോയിലൂടെ ലീഡെടുത്തു. ആദ്യ പകുതിയിൽ മുംബൈ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മുന്നിലായിരുന്നു. 69ആം മിനിട്ട് വരെ മുംബൈ ഈ ലീഡ് നില തുടർന്നു. എന്നാൽ, 70ആം മിനിട്ടിൽ ജെറിയിലൂടെ ഒഡീഷ സമനില പിടിച്ചു. 7 മിനിട്ടുകൾക്ക് ശേഷം രണ്ടാം ഗോൾ കണ്ടെത്തിയ ജെറി വീണ്ടും ഒഡീഷയ്ക്ക് ലീഡ് നൽകി. 89ആം മിനിട്ടിൽ ജെറിയുടെ അസിസ്റ്റിൽ നിന്ന് ജൊനാതസ് ഒഡീഷയുടെ ഗോൾ പട്ടിക പൂർത്തിയാക്കി.

തുടർച്ചയായ മൂന്നാം മത്സരത്തിലാണ് മുംബൈയിൽ നിന്ന് വിജയം അകന്നുനിൽക്കുന്നത്. 16 പോയിൻ്റുള്ള മുംബൈ തന്നെയാണ് ടേബിളിൽ ഒന്നാമത്. 15 പോയിൻ്റുള്ള ഹൈദരാബാദ് രണ്ടാമതും ഒരു പോയിൻ്റ് കുറവുള്ള ബ്ലാസ്റ്റേഴ്സ് മൂന്നാമതുമാണ്. ഒഡീഷയാവട്ടെ 9 മത്സരങ്ങളിൽ നിന്ന് 4 ജയം സഹിതം 13 പോയിൻ്റുമായി ഏഴാമതാണ്.