Sports

ബ്ലാസ്റ്റേഴ്സിൽ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു; നിഷു കുമാർ ക്ലബ് വിട്ടു

കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു. പ്രതിരോധ താരം നിഷു കുമാർ ക്ലബ് വിട്ടു. വായ്പാടിസ്ഥാനത്തിലാണ് താരം ക്ലബ് വിട്ടത്. നിഷുവിനെ ഒരു സീസൺ നീണ്ട വായ്പാടിസ്ഥാനത്തിൽ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി. രണ്ട് ക്ലബുകളും ഇക്കാര്യം സ്ഥിരീകരിച്ചു.

ധനചന്ദ്ര മെയ്തേയ്, ഇവാൻ കലിയുഷ്നി, വിക്ടർ മോംഗിൽ, അപ്പോസ്തലോസ് ജിയാന്നു, ജെസൽ കാർനീറോ, മുഹീത് ഖാൻ, ഹർമൻജോത് ഖബ്ര എന്നിവരും ക്ലബ് വിട്ടു. മോഹൻ ബഗാൻ്റെ പ്രതിരോധ താരം പ്രബീർ ദാസ്, ഓസ്ട്രേലിയൻ ക്ലബായ ന്യൂകാസിൽ ജെറ്റ്സിന്റെ ഫോർവേഡ് ജോഷുവ സൊറ്റിരിയോ എന്നിവരാണ് ഈ സീസണിൽ ബ്ലാസ്റ്റേഴ്സിലേക്കെത്തിയ താരങ്ങൾ. വരുന്ന ദിവസങ്ങൾ ക്ലബ് കൂടുതൽ സൈനിംഗ് നടത്തുമെന്നാണ് കരുതപ്പെടുന്നത്.

വനിതാ ടീം പിരിച്ചുവിടുന്നതായി ബ്ലാസ്റ്റേഴ്സ് അറിയിച്ചിരുന്നു. അടുത്തിടെ ഫുട്ബോൾ ഫെഡറേഷൻ ചുമത്തിയ ഭീമമായ പിഴ ക്ലബിന് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയെന്നും അതുകൊണ്ട് വനിതാ ടീമിൻ്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെക്കുകയാണെന്നും ക്ലബ് വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

ഇക്കൊല്ലം വനിതാ ടീമിനായി വലിയ നിക്ഷേപങ്ങൾ നടത്താൻ ക്ലബ്ബിന് പദ്ധതിയുണ്ടായിരുന്നു എന്നും ഇനി അതിനു സാധിക്കില്ല എന്നും ക്ലബ് അറിയിച്ചു. പുരുഷ ടീമിൻ്റേതു പോലുള്ള പ്രീ സീസൺ വിദേശ പര്യടനം, താരക്കൈമാറ്റം തുടങ്ങിയവയെല്ലാം തീരുമാനിച്ചിരുന്നു, പ്രവർത്തനം നിർത്തുന്നത് താത്കാലികമാണ്. സാമ്പത്തിക പ്രശ്നങ്ങൾ തീർന്നാൽ വനിതാ ടീമിനെ പുനഃസ്ഥാപിക്കുമെന്നും ക്ലബ് പറഞ്ഞു.

കഴിഞ്ഞ സീസണിലാണ് കേരള ബ്ലാസ്റ്റേഴ്സ് ആദ്യമായി കേരള വിമൻസ് ലീഗിൽ കളിച്ചത്. സീസണിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ ക്ലബിനു കഴിഞ്ഞിരുന്നു.