Sports

പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് ബംഗ്ലാവില്‍ കൃത്രിമ തടാകം നിര്‍മ്മിച്ചു; നെയ്മറിന് 28 കോടി രൂപ പിഴ

ബ്രസീലിയന്‍ ഫുട്‌ബോള്‍ താരത്തിന് 28 കോടി രൂപ പിഴ. പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് റിയോ ഡി ജനീറോയില്‍ കൃത്രിമ തടാകം നിര്‍മ്മിച്ചതിനാണ് പിഴ ഈടാക്കിയത്. വിഷയത്തില്‍ ഇതുവരെ താരം പ്രതികരിച്ചിട്ടില്ല. 2016ലാണ് നെയ്മര്‍ ഈ വസതി സ്വന്തമാക്കിയത്.

ആഡംബര ബംഗ്ലാവിലെ തടാക നിര്‍മ്മാണത്തില്‍ ശുദ്ധജല സ്രോതസ്സ്, പാറ, മണല്‍ എന്നിവ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് താരത്തിന് പിഴ നല്‍കിയത്. ബ്രസീലിലെ റിയോ ഡി ജനീറോ സംസ്ഥാനത്തിന്റെ തെക്കന്‍ തീരത്തുള്ള മംഗരാതിബ പട്ടണത്തിലാണ് നെയ്മറിന്റെ ആഢംബര കൊട്ടാരം സ്ഥിതി ചെയ്യുന്നത്.

ഹെലിപാഡ്, ജിം, സ്പാ തുടങ്ങിയ സൗകര്യങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചാണ് കൊട്ടാരം നിര്‍മ്മിച്ചിരിക്കുന്നത്. തടാകത്തിന്റെ നിര്‍മ്മാണം അനധികൃതമാണെന്ന് കണ്ടെത്തിയതിന് പിന്നാലെ ഇതിന്റെ നിര്‍മ്മാണം അധികൃതര്‍ തടഞ്ഞിരുന്നു. തടാകത്തിന്റെ നിര്‍മാണത്തിലൂടെ വനനശീകരണത്തിനും സ്വഭാവിക നദിയുടെ ഗതി മാറ്റുന്നതിനും പാറകള്‍ നശിപ്പിക്കുന്നതിനും കാരണമാകുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. രണ്ടര ഏക്കറിലാണ് നെയ്മറിന്റെ വസതി സ്ഥിതി ചെയ്യുന്നത്.