ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ രണ്ട് സെലക്ടര്‍മാരെ കണ്ടെത്താനുള്ള അന്തിമ പട്ടിക ബി.സി.സി.ഐ രൂപീകരിച്ചതായി സൂചന. ലഷ്മണ്‍ ശിവരാമകൃഷ്ണന്‍, അജിത് അഗാര്‍ക്കര്‍, വെങ്കടേഷ് പ്രസാദ്, രാജേഷ് ചൗഹാന്‍ എന്നിവരാണ് ബി.സി.സി.ഐയുടെ ചുരുക്കപ്പട്ടികയില്‍. ഫെബ്രുവരി അവസാന വാരം മദന്‍ ലാല്‍ നയിക്കുന്ന ക്രിക്കറ്റ് ഉപദേശക സമിതി ഇവരുമായി അഭിമുഖം നടത്തും. ആര്‍പി സിങ്, സുലക്ഷന നായിക് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
പുതിയ സെലക്ടര്‍മാര്‍ ന്യൂസിലന്റില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീം തിരിച്ചെത്തും മുമ്പ് ചുമതലയേല്‍ക്കുമെന്നാണ് ബി.സി.സി.ഐ ക്രിക്കറ്റ് ഉപദേശക സമിതി അംഗം മദന്‍ലാല്‍ അറിയിച്ചിരിക്കുന്നത്. മാര്‍ച്ച് അഞ്ചിനാണ് ഇന്ത്യയുടെ ന്യൂസിലന്റ് പര്യടനം അവസാനിക്കുക. ആകെ 44 അപേക്ഷകളാണ് ലഭിച്ചതെന്നും മദന്‍ലാല്‍ പി.ടി.ഐയോട് പറഞ്ഞു.
ഇന്ത്യന്‍ വനിതാ ടീമിനുള്ള പുതിയ സെലക്ടര്‍മാരേയും ഇതേ ഉപദേശക സമിതിയാണ് തിരഞ്ഞെടുക്കുന്നത്. ബി.സി.സി.ഐയുടെ ആദ്യ ചുരുക്കപ്പട്ടികയില്‍ എല്‍. ശിവരാമകൃഷ്ണന്റെ പേരില്ലാതിരുന്നത് വിവാദമായിരുന്നു.
മാധ്യമങ്ങള്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നാണ് പിഴവ് പരിഹരിച്ച് ശിവരാമകൃഷ്ണന്റെ പേര്‍ കൂടി ഉള്‍പ്പെടുത്തി അന്തിമ പട്ടിക വന്നിരിക്കുന്നത്. സെലക്ഷന്‍ കമ്മിറ്റിയില്‍ ശിവരാമകൃഷ്ണന്‍ സാന്നിധ്യമറിയിക്കാന്‍ സാധ്യതയേറെയാണ്. മുംബൈ സെലക്ടറായിരുന്ന അനുഭവം മുന്‍ ഓള്‍റൗണ്ടര്‍ അഗാര്‍ക്കര്‍ക്ക് ഗുണം ചെയ്യും.
വെങ്കടേഷ് പ്രസാദും ക്രിക്കറ്റിലെ വിവിധ ഔദ്യോഗിക ചുമതലകള്‍ വഹിച്ചിട്ടുണ്ട്. അണ്ടര്‍ 19 ടീം ചെയര്‍മാന്‍, കിങ്‌സ് ഇലവന്‍ പഞ്ചാബ് പരിശീലകന്‍ എന്നി പദവികള്‍ക്കുശേഷമാണ് വെങ്കി ഇന്ത്യന്‍ ടീം സെലക്ടറാകാന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.