ഖത്തർ ലോകകപ്പിൽ ഇന്ന് നിർണായക മത്സരങ്ങൾ. നെതർലൻഡ്സ്, ഇക്വഡോർ, ഇറാൻ, ഇംഗ്ലണ്ട് എന്നീ ടീമുകൾക്കൊക്കെ ഇന്ന് നിർണായക മത്സരങ്ങളുണ്ട്. ഗ്രൂപ്പ് എയിൽ ഇക്വഡോർ – സെനഗൽ മത്സരവും നെതർലൻഡ്സ് – ഖത്തർ മത്സരവും ഇന്ന് ഇന്ത്യൻ സമയം രാത്രി 8.30നും ഗ്രൂപ്പ് ബിയിൽ ഇറാൻ – യുഎസ്എ, വെയിൽസ് – ഇംഗ്ലണ്ട് മത്സരങ്ങൾ അർദ്ധരാത്രി 12.30നും നടക്കും.
ഗ്രൂപ്പ് എയിൽ രണ്ട് മത്സരങ്ങളിൽ നിന്ന് 4 പോയിൻ്റ് വീതമുള്ള നെതർലൻഡ്സും ഇക്വഡോറും ആദ്യ രണ്ട് സ്ഥാനങ്ങളിലാണ്. ഇന്ന് വിജയിച്ചാൽ ഇരു ടീമുകളും 7 പോയിൻ്റുമായി പ്രീ ക്വാർട്ടർ ഉറപ്പിക്കും. നെതർലൻഡ്സിന് സമനില മതിയെങ്കിൽ ഇക്വഡോറിന് ജയം കൂടിയേ തീരൂ. ഗ്രൂപ്പിൽ രണ്ട് കളിയിൽ നിന്ന് മൂന്ന് പോയിൻ്റുള്ള സെനഗൽ മൂന്നാമതും പോയിൻ്റൊന്നുമില്ലാത്ത ഖത്തർ നാലാമതുമാണ്. നെതർലൻഡ്സും ഇക്വഡോറും പരാജയപ്പെട്ടാൽ സെനഗൽ 6 പോയിൻ്റുമായി പ്രീക്വാർട്ടർ ഉറപ്പിക്കും. ഇത് ഇക്വഡോറിൻ്റെയും നെതർലൻഡ്സിൻ്റെയും സാധ്യതകൾ തുലാസിലാക്കും. ഇരു ടീമുകളിലും മികച്ച ഗോൾ ശരാശരിയുള്ളവർ അടുത്ത ഘട്ടത്തിലെത്തും. നെതർലൻഡ്സ് തോറ്റ് ഇക്വഡോർ വിജയിച്ചാലും നെതർലൻഡ്സ് രണ്ടാം സ്ഥാനക്കാരായി രക്ഷപ്പെടും. സെനഗലിനൊപ്പം ഖത്തർ വൻ ഗോൾ മാർജിനിൽ വിജയിച്ചാൽ ഖത്തറും സെനഗലും അടുത്ത ഘട്ടത്തിലെത്തും.
ഗ്രൂപ്പ് ബിയിൽ രണ്ട് മത്സരങ്ങളിൽ നിന്ന് 4 പോയിൻ്റുള്ള ഇംഗ്ലണ്ട് ഒന്നാമതും 3 പോയിൻ്റുള്ള ഇറാൻ രണ്ടാമതുമാണ്. രണ്ട് പോയിൻ്റുള്ള യുഎസ്എ മൂന്നാമതാണ്. ഒരു പോയിൻ്റ് മാത്രമുള്ള വെയിൽസ് ആണ് അവസാന സ്ഥാനത്ത്. ഇറാനും ഇംഗ്ലണ്ടും ഇന്ന് വിജയിച്ചാലോ സമനില പാലിച്ചാലോ ഇംഗ്ലണ്ട് ഒന്നാം സ്ഥാനക്കാരായും ഇറാൻ രണ്ടാം സ്ഥാനക്കാരായും പ്രീക്വാർട്ടറിലെത്തും. ഇംഗ്ലണ്ട് തോറ്റ് ഇറാൻ ജയിച്ചാൽ ഇറാൻ ഒന്നാം സ്ഥാനക്കാരായും ഇംഗ്ലണ്ട് രണ്ടാം സ്ഥാനക്കാരായും പ്രീക്വാർട്ടറിലെത്തും. ഇറാൻ തോറ്റ് ഇംഗ്ലണ്ട് വിജയിച്ചാൽ ഇംഗ്ലണ്ട് ഒന്നാം സ്ഥാനക്കാരായും യുഎസ്എ രണ്ടാം സ്ഥാനക്കാരായും അടുത്ത റൗണ്ടിലെത്തും. ഇംഗ്ലണ്ടിനെതിരെ കൂറ്റൻ വിജയം നേടിയാൽ വെയിൽസിനും സാധ്യതയുണ്ട്. അങ്ങനെ ഒരു സാഹചര്യത്തിൽ ഇറാൻ വിജയിച്ചാലോ സമനില പാലിച്ചാലോ ഇംഗ്ലണ്ട് പുറത്താവും. ഇറാനും വെയിൽസും അടുത്ത ഘട്ടത്തിലെത്തും. ഇംഗ്ലണ്ട് വമ്പൻ തോൽവി വഴങ്ങി ഇറാനും തോറ്റാൽ വെയിൽസും യുഎസ്എയും പ്രീക്വാർട്ടർ കളിക്കും.