2017 ന് ശേഷം ആദ്യമായി ടെന്നീസ് ഇതിഹാസങ്ങളായ റോജർ ഫെഡററും റാഫേൽ നദാലും വീണ്ടും ഒന്നിക്കുന്നു. ഈ വര്‍ഷംം നടക്കുന്ന ലേവർ കപ്പില്‍ ടീം യൂറോപ്പിന് വേണ്ടിയാണ് ഇരുവരും ഒന്നിച്ചു കളിക്കുന്നത്. 2017 ൽ പ്രഥമ ലേവർകപ്പിലാണ് ഇരുവരും അവസാനമായി ഒന്നിച്ചു കളിച്ചത്. ലേവർ കപ്പ് ഡബിള്‍സില്‍ ഒരുമിച്ചു കളിക്കുമെന്ന് താരങ്ങൾ തന്നെയാണ് വാർത്താകുറിപ്പിലൂടെ അറിയിച്ചത്.
കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് വളരെക്കാലമായി കളത്തിന് പുറത്തായിരുന്ന ഫെഡറിന്റെ തിരിച്ചുവരവ് കൂടെയാവും ലേവർകപ്പ്. ജൂലെയിൽ വിംബിൾഡണിലെ തോൽവിക്ക് ശേഷം പരിക്കിനെത്തുടർന്ന് ഫെഡറർ ഇതുവരെ കളത്തിലിറങ്ങിയിട്ടില്ല. നദാലിനൊപ്പം വീണ്ടും ഒന്നിച്ചു കളിക്കാന്‍ പോവുന്നതിന്‍റെ ത്രില്ലിലാണ് താന്‍ എന്ന് ഫെഡറര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഓസ്‌ട്രേലിയൻ ഓപ്പണിലെ വിജയത്തോടെ 21ാം ഗ്രാന്റ്സ്ലാം കിരീടം നേടിയ റാഫേൽ നദാൽ ഫെഡററിന്റെ റെക്കോർഡ് മറികടന്ന് ചരിത്രംനേട്ടം കുറിച്ചിരുന്നു. റഷ്യൻ യുവതാരം ഡാനിൽ മെദ്‍വദേവിനെ അഞ്ച് സെറ്റ് നീണ്ടപോരാട്ടത്തിൽ തോൽപ്പിച്ചാണ് മെൽബൺ പാർക്കിൽ നദാല്‍ കിരീടമുയര്‍ത്തിയത്. ചരിത്രനേട്ടത്തിന് പിറകെ ഫെഡറര്‍ നദാലിനെ അഭിനന്ദിച്ചിരുന്നു.
സെപ്റ്റബർ 23 മുതൽ 25 വരെ ലണ്ടനിൽ വച്ചാണ് ലേവർകപ്പ് ടൂർണമെന്‍റ് നടക്കുന്നത്.