Football Sports

മോഹന്‍ ബഗാന് ഐലീഗ് കിരീടം

മോഹന്‍ ബഗാന്‍ അത്‌ലറ്റിക് ക്ലബായി ചരിത്രമാകും മുമ്പ് ചരിത്രനേട്ടം സ്വന്തമാക്കിയാണ് മോഹന്‍ ബഗാന്‍ പടിയിറങ്ങുന്നത്…

നാല് മത്സരങ്ങള്‍ ബാക്കിനില്‍ക്കെ, മോഹന്‍ ബഗാന് ഐ ലീഗ് കിരീടം. മുന്‍ ചാമ്പ്യന്‍മാരായ ഐസോള്‍ എഫ്.സി.യെ ഏകപക്ഷീയമായ ഒരുഗോളിന് തോല്‍പിച്ചാണ് ബഗാന്‍ രണ്ടാം ഐലീഗ് കിരീടം സ്വന്തമാക്കിയത്. ഇത് മോഹന്‍ ബഗാന്റെ അവസാനത്തെ കിരീടനേട്ടം കൂടിയാണ്.

ജൂണില്‍ ഐ.എസ്.എല്‍ ക്ലബ്ബ് എ.ടി.കെ.യുമായി ലയിച്ച് മോഹന്‍ ബഗാന്‍ അത്‌ലറ്റിക് ക്ലബ് ആകാനിരിക്കെയാണ് ബഗാന്‍ ചരിത്രനേട്ടം സ്വന്തമാക്കിയത്. സീസണില്‍ ഇനി നാലു മല്‍സരങ്ങള്‍ കളിക്കാന്‍ ബാക്കിനില്‍ക്കെയാണ് ബഗാന്‍ ഐലീഗ് കിരീടം നേടിയത്. രണ്ടാംസ്ഥാനക്കാരായ ഈസ്റ്റ് ബംഗാളുമായി 16 പോയിന്റിന്റെ വ്യത്യാസം ബഗാനുണ്ട്. ബഗാനെ മറികടക്കാന്‍ ലീഗിലെ മറ്റുക്ലബുകള്‍ക്കാവില്ല.

ലീഗില്‍ തുടര്‍ച്ചയായ പതിനാലാം മത്സരത്തിലും അപരാജിതരായാണ് ബഗാന്‍ കിരീടം നേടിയത്. ഐലീഗിലെ 16 കളിയില്‍ 12 ജയവും മൂന്ന് സമനിലയും ഒരു തോല്‍വിയുമാണ് ബഗാന്റെ അക്കൗണ്ടിലുള്ളത്. ബഗാന്റെ സെനഗല്‍ താരം ബാബ ദിയാവാരയാണ് 80ാം മിനിറ്റില്‍ നിര്‍ണായക ഗോള്‍ നേടിയത്. 10 വീതം ഗോള്‍ നേടിയ ഫ്രാന്‍ ഗോണ്‍സാലസും ബാബ ദിയാവാരയുമാണ് ബഗാനെ അതിവേഗം ജേതാക്കളാക്കിയത്.

2014-15 സീസണിലും മോഹന്‍ബഗാന്‍ ഐലീഗ് കിരീടം നേടിയിട്ടുണ്ട്. മുമ്പ് ഐ ലീഗിന്റെ ആദ്യരൂപമായ ദേശീയ ലീഗില്‍ മൂന്നുവട്ടം ടീം ചാമ്പ്യന്‍മാരായിട്ടുണ്ട്.