Football Sports

ഓസില്‍ ആഴ്‍സനലില്‍ കളി അവസാനിപ്പിക്കുന്നു

മെസ്യൂട്ട്​ ഓസില് ആഴ്‍സനലില്‍ കളി അവസാനിപ്പിക്കുന്നു. മൈക്കൽ ആർ​ട്ടേറ്റ പരിശീലകനായി എത്തിയതോടെ ആഴ്സനലില്‍ നിന്ന്​ പുറത്തായ ഓസിൽ തുർക്കി ക്ലബായ ഫെനർബാഷെയുമായി മൂന്നര വർഷത്തേക്ക്​ കരാറിലെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. ഫെനർബാഷെ ക്ലബ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും തുർക്കിയിലെ വൻനഗരമായ ഇസ്തംബൂളിന്റെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ച് മുപ്പത്തിരണ്ടുകാരൻ ഓസിൽ അഭ്യൂഹങ്ങൾക്കു കരുത്തു പകർന്നു. സീസൺ അവസാനത്തോടെ ആഴ്‍സനലുമായുള്ള കരാർ അവസാനിക്കും​. 2013ൽ റയൽ മഡ്രിഡിൽനിന്നാണ്​ ഓസിൽ ആഴ്​സനലിലെത്തിയത്​.

കഴിഞ്ഞ മാർച്ചിനു ശേഷം ആർസനലിനു വേണ്ടി ഒരു മത്സരം പോലും ഓസിൽ കളിച്ചിട്ടില്ല. ലണ്ടൻ ക്ലബ്ബിന്റെ ഏറ്റവും പ്രതിഫലം പറ്റുന്ന താരമാണെങ്കിലും ഈ സീസൺ പ്രീമിയർ ലീഗിൽ ഇതുവരെ ടീം ലിസ്റ്റിൽ പോലും ഓസിലിന്റെ പേരുണ്ടായിരുന്നില്ല. പുതിയ സീസണിനുള്ള പ്രീമിയർ ലീഗ്​, യൂറോപ്​ ലീഗ്​ സ്​ക്വാഡുകളിൽനിന്ന്​ ഓസില്‍ പുറത്തായിരുന്നു. അവസരം കുറഞ്ഞതോടെ തുർക്കി ക്ലബിനൊപ്പം അമേരിക്കൻ മുൻനിര ടീമായ ഡി.സി യുനൈറ്റഡുമായും ഓസിൽ ചർച്ച നടത്തിയിരുന്നു. എന്നാൽ, ഫെനർബാഷെ​ അവസാന വട്ട ചർച്ചകൾ പൂർത്തിയാക്കിയതോടെ ക്ലബ്​ ചെയർമാനും ഡയറക്​ടറും നേരെ ലണ്ടനിലേക്ക്​ പറന്നതായി റിപ്പോർട്ടുകൾ പറയുന്നു.

2013ൽ റയൽ മഡ്രിഡിൽനിന്നാണ്​ ഓസിൽ പ്രതിവാരം മൂന്നര ലക്ഷം പൗണ്ടിന്​ ആഴ്​സനലിലെത്തിയത്​.

തുർക്കി പൗരത്വവുമുള്ള ഓസിൽ കഴിഞ്ഞ വർഷം വിവാഹസമയത്ത്​ തുർക്കി പ്രസിഡൻറ്​ റജബ്​ ത്വയ്യിബ്​ ഉർദുഗാനൊപ്പം നിന്ന്​ ഫോ​​ട്ടോയെടുത്തത്​ ജർമനിയിൽ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ചൈന ഉയ്​ഗൂർ മുസ്​ലിംകൾക്കെതിരെ നടത്തുന്ന ക്രൂരതകളൂം ഓസിൽ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.