Sports

‘ആദ്യമെത്തി ഒന്നാമനായി മടങ്ങി’; പുള്ളാവൂർ പുഴയിൽനിന്ന് കട്ടൗട്ടുകൾ നീക്കി

ലോകകപ്പിന്റെ ആരവങ്ങള്‍ കഴിഞ്ഞതോടെ കട്ടൗട്ടുകള്‍ നീക്കി കോഴിക്കോട് പുളളാവൂരിലെ ഫുട്‌ബോള്‍ ആരാധകര്‍. മെസിക്കുപുറമെ ക്രിസ്റ്റ്യാനോയുടെയും കട്ടൗട്ടും നീക്കം ചെയ്തു. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ ചര്‍ച്ച ചെയ്യപ്പെട്ട പുളളാവൂരിലെ കട്ടൗട്ടുകളാണ് കൊടുവള്ളി നഗരസഭയുടെ നിര്‍ദേശ പ്രകാരം അഴിച്ചുമാറ്റിയത്. പുള്ളാവൂരിൽ ആദ്യം സ്ഥാപിച്ചത് മെസിയുടെ കട്ടൗട്ടാണ്. പിന്നാലെ നെയ്മറിന്റെയും റൊണാൾഡോയുടെയും കട്ടൗട്ടുകൾ ആരാധകർ സ്ഥാപിച്ചു.

ഫിഫയുടെ ഔദ്യോഗിക പേജിലടക്കം ഇടംപിടിച്ച മെസിയുടെ കട്ടൗട്ടാണ് അർജന്‍റീന കപ്പടിച്ചതിനു പിന്നാലെ ആദ്യം നീക്കം ചെയ്തത്. ആദ്യമെത്തി ഒന്നാമനായി മടങ്ങി, രാജകീയമായി ഉയർത്തിയ കട്ടൗട്ട് അതി രാജകീയമായി തന്നെയാണ് നീക്കം ചെയ്തതെന്ന് ആരാധകർ പ്രതികരിച്ചു.1986 മുതൽ ഞങ്ങൾ കാത്തിരിക്കുകയായിരുന്നു. അർജന്റീനയ്ക്ക് വേണ്ടി ഇനിയും നൂറുകൊല്ലം കാത്തിരിക്കാൻ തയ്യാറാണ്. എന്നാൽ ഇപ്രാവശ്യം മിശിഹ അത് നേടിത്തന്നു- ആരാധകർ പ്രതികരിച്ചു.

ഫിഫ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിലടക്കം പങ്കുവച്ച കട്ടൗട്ടുകള്‍ ലോകശ്രദ്ധയാകെ പിടിച്ചുപറ്റിയിരുന്നു. ‘ ലോകകപ്പ് ചൂട് കേരളത്തിലും’ എന്ന തലക്കെട്ടോടെയായിരുന്നു ഫിഫ ചിത്രം പങ്കുവെച്ചത്.

മെസി, നെയ്മർ, ക്രിസ്റ്റ്യാനോ എന്നിവരുടെ പടുകൂറ്റൻ കട്ടൗട്ടുകളായിരുന്നു പുള്ളാവൂർ പുഴയിൽ ആരാധകർ സ്ഥാപിച്ചത്. പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടേതായിരുന്നു കൂട്ടത്തിൽ ഏറ്റവും വലിയ കട്ടൗട്ട്. 50 അടിയാണ് താരത്തിന്റെ കട്ടൗട്ടിന്റെ വലുപ്പം. മെസിയുടെ കട്ടൗട്ട് 30 അടിയും നെയ്മറുടേതിന് 40 അടിയുമായിരുന്നു ഉയരം.