Football Sports

നെയ്മർ റയലിൽ ചേരുമോ എന്ന് ഭയപ്പെട്ടിരുന്നു: മെസ്സി

സൂപ്പർ താരം നെയ്മറിന്റെ ട്രാൻസ്ഫർ സംബന്ധിച്ച് പി.എസ്.ജിയും ബാഴ്‌സലോണയും ധാരണയിലെത്താത്ത സാഹചര്യത്തിൽ ബ്രസീൽ താരം റയൽ മാഡ്രിഡിൽ ചേരുമോ എന്ന് താൻ ഭയന്നിരുന്നതായി ലയണൽ മെസ്സി. ‘സത്യമായിട്ടും നെയ്മർ ബാഴ്‌സയിലേക്ക് വന്നില്ലെങ്കിൽ അവൻ റയലിൽ ചേരുമെന്ന് ഞാൻ കരുതിയിരുന്നു. കാരണം പി.എസ്.ജി വിടാൻ അവൻ അത്രമാത്രം ആഗ്രഹിക്കുന്നുണ്ടെന്നാണ് ഞാൻ മനസ്സിലാക്കിയത്.’ – ഒരു അഭിമുഖത്തിൽ സൂപ്പർ താരം പറഞ്ഞു.

‘പി.എസ്.ജി വിട്ട് മറ്റൊരിടത്ത് ചേക്കേറാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് നെയ്മർ പറഞ്ഞിരുന്നു. ബാഴ്‌സയുമായുള്ള കച്ചവടം നടക്കുന്നില്ലെങ്കിൽ റയൽ മാഡ്രിഡ് പ്രസിഡണ്ട് ഫ്‌ളോറന്റിനോ പെരസ് നെയ്മറിനെ സ്വന്തമാക്കുമെന്നും ഞാൻ കരുതിയിരുന്നു.’ മെസ്സി വ്യക്തമാക്കി.

2017-ൽ ബാഴ്‌സ വിടാൻ ഒരുങ്ങിയപ്പോൾ താൻ നെയ്മറിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും തന്റെ തീരുമാനത്തിൽ ബ്രസീൽ താരം ഖേദിച്ചുവെന്നും നെയ്മറിന്റെ അടുത്ത സുഹൃത്തു കൂടിയായ മെസ്സി വ്യക്തമാക്കി. ‘ബാഴ്‌സ വിട്ടതിൽ നെയ്മറിന് ഖേദമുണ്ടായിരുന്നു. തന്റെ തീരുമാനം തെറ്റായിരുന്നു എന്ന് അവൻ വളരെ പെട്ടെന്നുതന്നെ മനസ്സിലാക്കി. ഇക്കാര്യം നിങ്ങൾക്ക് അവനോട് തന്നെ ചോദിക്കാം.’ മെസ്സി പറഞ്ഞു.

2022 വരെ നെയ്മറുമായി കരാറുള്ള പി.എസ്.ജി, ക്ലബ്ബ് മാറാനുള്ള താരത്തിന്റെ ആഗ്രഹത്തോട് അനുകൂലമായാണ് പ്രതികരിച്ചത്. എന്നാൽ വൻതുക ലഭിച്ചാൽ മാത്രമേ മറ്റേതെങ്കിലും ക്ലബ്ബിന് വിട്ടുനൽകൂ എന്ന് ഖത്തർ സ്‌പോർട്‌സ് ഇൻവെസ്റ്റ്‌മെന്റ്‌സിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബ് നിലപാടെടുത്തതോടെ ബ്രസീൽ താരത്തിന്റെ ട്രാൻസ്ഫർ മോഹം നടക്കാതെ പോയി. ബാഴ്‌സലോണ, റയൽ മാഡ്രിഡ്, യുവന്റസ്, മാഞ്ചസ്റ്റർ യുനൈറ്റഡ് ക്ലബ്ബുകൾ നെയ്്മറിനു വേണ്ടി ശ്രമം നടത്തുന്നുവെന്ന് വാർത്തകളുണ്ടായിരുന്നു.