Sports

‘റെഫറി എന്നെ വിജയിയായി പ്രഖ്യാപിച്ചുവെന്നാണ് കരുതിത്; തോൽവി അറിയുന്നത് ആ ട്വീറ്റിലൂടെ’: മേരി കോം

ടോക്യോ ഒളിമ്പിക്‌സ് വനിതാ ബോക്‌സിംഗ് വിഭാഗത്തിൽ കൊളംബിയൻ താരത്തോട് പരാജയപ്പെട്ട് പുറത്തുപോകുമ്പോൾ ചിരിക്കുന്ന മുഖത്തോടെയുള്ള മേരി കോമിനെയാണ് കണ്ടത്. പരാജയത്തിന്റെ യാതൊരു ഭാവവും മേരി കോമിൽ കണ്ടില്ല. മത്സരം വീക്ഷിച്ചവർക്ക് അക്കാര്യം വ്യക്തമാകും.

റിങ്ങിൽവച്ച് മേരി കോം തന്റെ പരാജയം അറിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം. ഉത്തേജക മരുന്ന് പരിശോധനയ്ക്കായി സാംപിൾ നൽകാൻ പോയപ്പോൾ പരിശീലകൻ ചോട്ടെലാലിൽ നിന്നാണ് മേരി അക്കാര്യം അറിയുന്നത്. വിഷമിക്കേണ്ടെന്നും തന്റെ വിജയി മേരിയാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. അതോടെ എന്തോ പ്രശ്‌നമുണ്ടെന്ന് മനസിലായെന്ന് മേരി പറയുന്നു. ഫോണെടുത്ത് നോക്കിയപ്പോൾ മുൻ കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ ട്വീറ്റാണ് കണ്ടത്. തന്നെ ആശ്വസിപ്പിക്കുന്നതായിരുന്നു ആ ട്വീറ്റ്. അപ്പോഴാണ് യാഥാർത്ഥ്യം മനസിലായതെന്നും കരച്ചിൽ പിടിച്ചു നിർത്താനായില്ലെന്നും മേരി കോം പറഞ്ഞു. മാധ്യമങ്ങളോടാണ് മേരി കോം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

മത്സര ഫലത്തിൽ ആശയകുഴപ്പമുണ്ടാകാൻ കാരണങ്ങളുണ്ടായിരുന്നു. രണ്ടും മൂന്നും റൗണ്ടിൽ നേരിയ മുൻതൂക്കം മേരി കോമിനായിരുന്നു. എന്നാൽ ആദ്യ റൗണ്ടിൽ വിജയി കൊളംബിയൻ താരമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ജഡ്ജിമാർ വിജയിലെ പ്രഖ്യാപിച്ചത്. റിങ്ങിൽ വച്ച് വിജയിയുടെ പേരും ജഴ്‌സിയുടെ നിറവും റെഫറി പറഞ്ഞിരുന്നെങ്കിലും മേരി കോം ആ നിമിഷത്തിൽ അത് ശ്രദ്ധിച്ചിരുന്നില്ല.