ആറ് തവണ ലോക ചാമ്പ്യനായ എം.സി മേരി കോം(51 കി.ഗ്രാം) ലോക ഒന്നാം നമ്പര്‍ താരം അമിത് പംഗല്‍(52 കി.ഗ്രാം) എന്നിവര്‍ അടക്കം എട്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് ടോക്യോ ഒളിംപിക്‌സ് യോഗ്യത. ജോര്‍ദാനിലെ അമ്മാനില്‍ നടക്കുന്ന ഏഷ്യന്‍ യോഗ്യതയില്‍ സെമിയിലെത്തിയതോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ ഒളിംപിക്‌സ് യോഗ്യത ഉറപ്പിച്ചത്.
രണ്ടാം സീഡ് മേരികോം ഫിലിപ്പീന്‍സിന്റെ ഐറിഷ് മാഗ്നോയെ 5-0ത്തിന് തോല്‍പിച്ചാണ് സെമി ഉറപ്പിച്ചത്. 2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കലമെഡല്‍ നേടിയിട്ടുണ്ട് മേരി കോം. 37കാരിയായ മേരികോം സെമി ഫൈനലില്‍ ചൈനയുടെ യുവാന്‍ ചാങിനെ നേരിടും. യൂത്ത് ഒളിംപിക്‌സ് ചാമ്പ്യനാണ് ചാങ്.
ലോക വെള്ളിമെഡല്‍ ജേതാവ് അമിത് പംഗല്‍ ഫിലിപ്പീന്‍സിന്റെ കാര്‍ലോ പാലമിനെ 4-1ന് തോല്‍പിച്ചാണ് ഒളിംപിക്‌സ് യോഗ്യത ഉറപ്പിച്ചത്. ആദ്യമായാണ് 24കാരനായ പംഗല്‍ ഒളിംപിക്‌സിന് യോഗ്യത നേടുന്നത്. 2009ല്‍ വിജേന്ദര്‍ സിംങിനു ശേഷം ആദ്യമായി ഒന്നാം റാങ്കിലെത്തിയ അമിത് പംഗല്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയാണ്.
ലോക വെങ്കലമെഡല്‍ ജേത്രി സിമ്രന്‍ജിത്ത് കൗര്‍(60കി.ഗ്രാം) രണ്ടാംസീഡ് മംഗോളിയയുടെ നാമുന്‍ മോന്‍കാറിനെ 5-0ത്തിന് തോല്‍പിച്ചാണ് ഒളിംപിക്‌സ് യോഗ്യത നേടിയത്. ഇതോടെ ഒളിംപിക്‌സ് ബോക്‌സിംങില്‍ യോഗ്യത നേടുന്ന ഇന്ത്യക്കാരുടെ എണ്ണം എട്ടായി. സതീഷ് കുമാര്‍(+91 കി.ഗ്രാം), പൂജ റാണി(75 കി.ഗ്രാം), വികാസ് കൃഷ്ണന്‍(69 കി.ഗ്രാം) ലൊവ്‌ലിന ബോര്‍ഗൊഹെയ്ന്‍(69 കി.ഗ്രാം), ആശിഷ് കുമാര്‍(75 കി.ഗ്രാം) എന്നിവരും സെമിയിലെത്തി ഒളിംപിക്‌സില്‍ മത്സരിക്കാന്‍ യോഗ്യത നേടി.