ക്രൊയേഷ്യയുടെ വെറ്ററൻ ഫോർവേഡ് മരിയോ മൻസൂകിച്ചിനായി എടികെ മോഹൻബഗാൻ വലവിരിക്കുന്നു എന്ന് റിപ്പോർട്ട്. 35കാരനായ താരം നിലവിൽ എസി മിലാൻ്റെ താരമാണ്. എന്നാൽ, എസി മിലാനിലെ മൻസൂകിച്ചിൻ്റെ കരാർ ഉടൻ അവസാനിക്കുമെന്നും താരം ഫ്രീ ഏജൻ്റാകും എന്നുമാണ് വിവരം. താരത്തിൻ്റെ കരാർ അവസാനിച്ചെന്നും സൂചനയുണ്ട്. ഇത് മുതലെടുത്ത് താരത്തെ ടീമിലെത്തിക്കാൻ എടികെ ശ്രമിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ക്രൊയേഷ്യൻ മാധ്യമമായ എച്ച്ആർടിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇതിനോടകം തന്നെ താരത്തിന് എടികെയിൽ നിന്ന് ഓഫർ വന്നു എന്നും ഇന്ത്യയിൽ കളിക്കാനുള്ള അവസരത്തെ അദ്ദേഹം ഏറെ ആകാംക്ഷയോടെ നോക്കിക്കാണുകയാണെന്നും എച്ച്ആർടി റിപ്പോർട്ട് ചെയ്യുന്നു. ഈ ശ്രമം നടക്കുകയാണെങ്കിൽ വളരെ കരുത്തുറ്റ ടീം ആയി എടികെ മാറും. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യൂറോ കപ്പിൽ ഫിൻലൻഡിനായി ബൂട്ടണിഞ്ഞ മധ്യനിര താരം ജോണി കൗകോയെ ടീമിൽ എത്തിച്ച എടികെ ഇന്ത്യൻ താരങ്ങളായ ലിസ്റ്റൺ കൊളാസോ, അമരീന്ദർ സിംഗ് എന്നിവരെയും റാഞ്ചി.
രാജ്യാന്തര ഫുട്ബോളിൽ അടക്കം ഏറെ മത്സരപരിചയമുള്ള താരമാണ് മരിയോ മൻസൂകിച്ച്. ബയേൺ മ്യൂണിക്ക്, അത്‌ലറ്റികോ മാഡ്രിഡ്, യുവൻ്റസ് തുടങ്ങിയ വമ്പൻ ക്ലബുകളിൽ കളിച്ചിട്ടുള്ള താരം ക്രൊയേഷ്യൻ ജഴ്സിയിൽ 89 തവണ ബൂട്ടുകെട്ടിയിട്ടുണ്ട്. ലോകകപ്പുകളിൽ അടക്കം ക്രൊയേഷ്യക്കായി കളിക്കുകയും ഗോൾ നേടുകയും ചെയ്തിട്ടുള്ള താരമാണ് മൻസൂകിച്ച്. ക്രൊയേഷ്യ ഫൈനൽ കളിച്ച 2018 ലോകകപ്പിൽ താരം ടീമിലെ സുപ്രധാന താരങ്ങളിൽ ഒരാളായിരുന്നു. ക്ലബ് മത്സരങ്ങളിൽ 166 ഗോളുകളടിച്ച താരം ക്രൊയേഷ്യൻ ജഴ്സിയിൽ 33 ഗോളുകളും നേടി.