ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിൽ തിരികെയെത്തി എന്ന പ്രഖ്യാപനത്തിനു പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് ക്രാഷ് ആയെന്ന് റിപ്പോർട്ടുകൾ. കൈമാറ്റ വിവരങ്ങളറിയാൻ ആളുകൾ ഇടിച്ചുകയറിയപ്പോൾ ട്രാഫിക് അധികരിച്ചു എന്നും ഇത് സൈറ്റ് ക്രാഷ് ആവുന്നതിനു കാരണമായി എന്നുമാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഏറെ വൈകാതെ അധികൃതർ സൈറ്റിലെ പ്രശ്നം പരിഹരിച്ചു. (Manchester United website Cristiano) ചുവന്ന ചെകുത്താന്മാരുടെ സംഘത്തിലേക്കുള്ള ക്രിസ്റ്റ്യാനോയുടെ മടങ്ങിവരവ് വമ്പൻ അലയൊലികളാണ് ഉയർത്തിയത്. ലോകമെമ്പാടും വിവിധ മേഖലകളിലുള്ള സെലബ്രറ്റികൾ താരത്തിൻ്റെ മടങ്ങിവരവിൽ സന്തോഷം അറിയിച്ചു. പ്രഖ്യാപനത്തിനു പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇൻസ്റ്റഗ്രാം ഫോളോവേഴ്സിൻ്റെ എണ്ണത്തിൽ വമ്പൻ കുതിപ്പുണ്ടായി. ബാഴ്സലോണയിൽ നിന്ന് ഇതിഹാസ താരം ലയണൽ മെസി പിഎസ്ജിയിലെത്തിയപ്പോൾ ഉണ്ടായ ആവേശമാണ് ക്രിസ്ത്യാനോയുടെ മടങ്ങിവരവിൽ ഉയരുന്നത്.
12 വർഷങ്ങൾക്ക് ശേഷമാണ് റൊണാൾഡോ യുണൈറ്റഡ് ജഴ്സിയിൽ തിരികെയെത്തുന്നത്. കരിയറിൻ്റെ ആദ്യ കാലത്ത് 2003 മുതൽ 2009 വരെ റൊണാൾഡോ യുണൈറ്റഡിനായി കളിച്ചിരുന്നു. പിന്നീട് റയൽ മാഡ്രിഡിലേക്കും അവിടെ നിന്ന് യുവൻ്റസിലേക്കും അദ്ദേഹം ചേക്കേറി. റൊണാള്‍ഡോക്കായി യുവന്റസിന് 20 മില്യണ്‍ യൂറോയാണ് (173 കോടി) മാഞ്ചസ്റ്റര്‍ നല്‍കുന്നത്. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. ചാമ്പ്യൻസ് ലീഗ് നേടാനായാണ് യുവൻ്റസ് താരത്തെ എത്തിച്ചതെങ്കിലും അതിനു സാധിക്കാതെ റൊണാൾഡോ മടങ്ങുകയാണ്.
ഇറ്റാലിയൻ ക്ലബ്ബ് യുവന്റസിൽ നിന്ന് ട്രാൻസ്ഫർ ചോദിച്ചുവാങ്ങിയ ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റർ സിറ്റിയിൽ കളിക്കാനുള്ള സന്നദ്ധത അറിയിച്ചെങ്കിലും സാമ്പത്തിക കാര്യങ്ങളിൽ തീരുമാനമാകാത്തതിനെ തുടർന്നാണ് ഇംഗ്ലീഷ് ക്ലബ്ബ് പിന്മാറിയത്. താരത്തിനു വേണ്ടിയുള്ള ശ്രമം അവസാനിപ്പിക്കുന്നതായി ക്ലബ്ബ് വ്യക്തമാക്കുകയായിരുന്നു. ക്രിസ്റ്റ്യാനോയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിലൊന്നും പെടാതിരുന്ന യുണൈറ്റഡ് സിറ്റി പിന്മാറിയതിനു പിന്നാലെ താരവുമായി ബന്ധപ്പെടുകയായിരുന്നു. യുണൈറ്റഡിൻ്റെ മുൻ ഇതിഹാസ പരിശീലകൻ സർ അലക്സ് ഫെർഗൂസനുമായി ക്രിസ്ത്യാനോ ചർച്ച നടത്തിയിരുന്നു. ഈ ചർച്ചക്ക് പിന്നാലെയാണ് താരം മുൻ ക്ലബിലേക്ക് മടങ്ങിയെത്തിയത്. ക്രിസ്റ്റ്യാനോ കൂടി എത്തിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ കരുത്ത് വർധിച്ചിട്ടുണ്ട്.