Football Sports

മെസിയെ തന്നാൽ മൂന്ന് മുൻനിര താരങ്ങളെയും 89.5 മില്ല്യൺ യൂറോയും നൽകാമെന്ന് മാഞ്ചസ്റ്റർ സിറ്റി; റിപ്പോർട്ട്

മെസിയെ തന്നാൽ മൂന്ന് മുൻനിര താരങ്ങളെയും 89.5 മില്ല്യൺ യൂറോയും നൽകാമെന്ന് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി. ബെർണാഡോ സിൽവ, ഗബ്രിയേൽ ജെസൂസ്, എറിക് ഗാർഷ്യ എന്നീ താരങ്ങളെ ബാഴ്സലോണക്ക് നൽകാമെന്നാണ് ഓഫർ. ബാഴ്സലോണയിൽ നിന്ന് പുറത്തു പോവുകയാണെന്നറിയിച്ചതു മുതൽ മെസിയെ ക്ലബിലെത്തിക്കാൻ താത്പര്യം കാണിച്ച ക്ലബാണ് സിറ്റി.

സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയ്ക്ക് മെസിയിൽ വ്യക്തിപരമായ താത്പര്യമുണ്ട്. മുൻപ് ബാഴ്സ പരിശീലകനായിരുന്നപ്പോൾ മെസിക്കൊപ്പം നടത്തിയ പ്രകടനങ്ങൾ സിറ്റിയിൽ തുടരാമെന്നാണ് ഗ്വാർഡിയോള കരുതുന്നത്. അതുകൊണ്ട് തന്നെ താരവുമായി ഒന്നിക്കാൻ ഗ്വാർഡിയോള ശ്രമിക്കുന്നുണ്ട്. മെസിയുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു എന്നാണ് ഡെയിലിമെയിൽ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സുവാരസിനു പകരക്കാരെ അന്വേഷിക്കുന്ന ബാഴ്സക്ക് ജെസൂസ് ഒരു പരിഹാരമാവാനും സാധ്യതയുള്ളതിനാൽ ഈ നീക്കം നടക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ.

ക്ലബുമായുള്ള കരാർ താൻ അവസാനിപ്പിച്ചു എന്നും അതുകൊണ്ട് തന്നെ ഫ്രീ ഏജൻ്റായി ക്ലബ് വിടാമെന്നും മെസി ക്ലബിനെ അറിയിച്ചു കഴിഞ്ഞു എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അടുത്ത ജൂലായ് വരെയാണ് ക്ലബുമായുള്ള മെസിയുടെ കരാർ. എന്നാൽ, സീസൺ അവസാനിച്ചാൽ എപ്പോൾ വേണമെങ്കിലും താരത്തിനു ക്ലബ് വിട്ടു പോകാം എന്ന നിബന്ധന കരാറിലുണ്ട്. മെസി ഈ നിബന്ധന ഉപയോഗിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

പ്രധാനമായും ബാഴ്സ ബോർഡുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് മെസി ക്ലബ് വിടാൻ തീരുമാനമെടുക്കാനുള്ള കാരണം. പ്രസിഡൻ്റ് ജോസപ് മാർതോമ്യൂവിൻ്റെ പല തീരുമാനങ്ങളോടും അദ്ദേഹത്തിന് എതിർപ്പായിരുന്നു.