ബാഴ്സലോണ സ്പോര്‍ട്ടിംങ് ഡയറക്ടര്‍ എറിക് അബിദാലിനെതിരെ മെസി പരസ്യമായി പ്രതികരിച്ചതോടെയാണ് ബാഴ്സലോണയിലെ പ്രശ്നങ്ങള്‍ പുറത്തറിഞ്ഞത്. മുന്‍ ബാഴ്സലോണ പരിശീലകന് ഏണസ്റ്റോ വാല്‍വെര്‍ദയെ പുറത്താക്കാനുള്ള തീരുമാനത്തിന് പ്രേരിപ്പിച്ചത് കളിക്കാരായിരുന്നുവെന്നാണ് അബിദാല്‍ പറഞ്ഞത്. ഇതിനെതിരെ മെസി സോഷ്യല്‍മീഡിയയിലൂടെ പരസ്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു.
32കാരനായ മെസിയും ബാഴ്സലോണയും തമ്മിലുള്ള കരാറില്‍ സീസണിന്റെ അവസാനത്തില്‍ മെസിക്ക് താല്പര്യമുണ്ടെങ്കില് ക്ലബ് വിടാന്‍ സാധിക്കുമെന്ന വകുപ്പുണ്ട്. ഇതും കൂടി ചേര്‍ത്താണ് മാഞ്ചസ്റ്റര്‍ സിറ്റി അടക്കമുള്ള ക്ലബുകള്‍ മെസിക്കായി ശ്രമം ആരംഭിച്ചിരിക്കുന്നത്. ഉടനെസാധ്യമായില്ലെങ്കില്‍ പോലും ബാഴ്സയുമായുള്ള കരാര്‍ അവസാനിക്കുന്ന 2021ല്‍ മെസിയെ പ്രീമിയര്‍ ലീഗിലെത്തിക്കാമെന്ന പ്രതീക്ഷയും അവര്‍ വെച്ചുപുലര്‍ത്തുന്നുണ്ട്.
മാഞ്ചസ്റ്റര്‍ സിറ്റി ഡയറക്ടര്‍ ഓഫ് ഫുട്ബോള്‍ സികി ബെഗിരിസ്റ്റെയ്ന് ചീഫ് എക്സിക്യൂട്ടീവ് ഫാരന്‍ സൊറിയാനോ പരിശീലകന് പെപ് ഗ്വാര്‍ഡിയോള തുടങ്ങി സിറ്റിയിലെ ഉന്നതരുമായി അടുത്തബന്ധം മെസിക്കുണ്ട്. മെസിയും ഗ്വാര്‍ഡിയോളയും ചേര്‍ന്ന് മൂന്ന് ലാ ലിഗ കിരീടങ്ങളും രണ്ട് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും നൗകാമ്പിലെത്തിച്ചിട്ടുണ്ട്. 2008 മുതല്‍ 2012 വരെയുള്ള നാല് വര്‍ഷത്തിനിടെയായിരുന്നു ഈനേട്ടങ്ങള്‍. പ്രതിവര്‍ഷം മെസിക്ക് 50 മില്യണ്‍ പൗണ്ട് നല്കാന് ശേഷിയുള്ള വിരലിലെണ്ണാവുന്ന ടീമുകളിലൊന്നാണ് മാഞ്ചസ്റ്റര്‍ സിറ്റി.
ബാഴ്സലോണ താരങ്ങളും കോച്ച് വാല്‍വെര്‍ദയും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നെന്നും പലരും വാല്വെര്ദെക്ക് കീഴില്‍ അധ്വാനിച്ച് കളിക്കാന്‍ തയ്യാറാകാതിരുന്നതോടെയാണ് പരിശീലകനെ മാറ്റിയതെന്നുമായിരുന്നു അബിദാല്‍ പറഞ്ഞത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു അബിദാലിന് മെസി മറുപടി നല്‍കിയത്. കളിക്കാരെ കുറ്റം പറയാതെ സ്വന്തം തീരുമാനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ അബിദാല്‍ തയ്യാറാകണമെന്നും കളിക്കാരെ വിമര്‍ശിക്കുമ്പോള്‍ പേരെടുത്ത് പറയുന്നതാണ് നല്ലതെന്നുമായിരുന്നു മെസിയുടെ പ്രതികരണം.