Football Sports

അടുത്ത ചാമ്പ്യന്‍സ് ലീഗില്‍ സിറ്റിയുണ്ടാവില്ല?

തുടര്‍ച്ചയായ രണ്ടാം തവണയും പ്രിമിയര്‍ ലീഗ് കിരീടം തങ്ങളുടെ തട്ടകത്തിലേക്ക് കൊണ്ട് വന്നിരിക്കുകയാണ് പെപ്പ് ഗാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി. ലിവര്‍പ്പൂളുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഒരു പോയിന്‍റിന്‍റെ വ്യത്യാസത്തിലാണ് സിറ്റി പ്രിമിയര്‍ ലീഗ് ചാമ്പ്യന്മാരായത്. പക്ഷെ, പെപ്പിന്‍റെ ചുണക്കുട്ടികള്‍ക്ക് അടുത്ത ചാമ്പ്യന്‍സ് ലീഗ് നഷ്ടമാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ചെലവിന്‍റെ കാര്യത്തില്‍ സിറ്റി അധികാരികളെ തെറ്റിദ്ധരിപ്പിച്ചു എന്ന് യു.ഇ.എഫ്.എ കണ്ടെത്തി എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

യു.ഇ.എഫ്.എയുടെ ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലെ നിയന്ത്രണങ്ങള്‍ സിറ്റി ലംഘിച്ചുവെന്നും യു.എ.ഇ ദേശീയ വിമാന കമ്പനിയായ എത്തിഹാദുമായി നടത്തിയ പണമിടപാടുകളടക്കം നിരവധി ഇടപാടുകളുടെ രേഖകള്‍ സിറ്റി കാഴ്ചവച്ചിട്ടില്ലെന്നുമാണ് അന്വേഷണത്തില്‍ തെളിഞ്ഞുവെന്ന് പറയപ്പെടുന്നത്. ഇതിനെക്കുറിച്ചുള്ള അവസാന തീരുമാനം അന്വേഷക പാനല്‍ കൈക്കൊള്ളുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.