പകരക്കാരനായിറങ്ങി ആകെ 25 മിനുറ്റ് മാത്രമേ കളിച്ചുള്ളൂവെങ്കിലും സ്വന്തം ടീമിന്റെ തോല്‍വി ഉറപ്പിച്ച ശേഷമാണ് ബ്രസീലുകാരന്‍ ഡേവിഡ് ലൂയിസ് 49ാം മിനുറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തേക്ക്‌പോയത്…
മാഞ്ചസ്റ്റര്‍ സിറ്റി ആദ്യ ഗോളടിച്ചത് ഡേവിഡ് ലൂയിസിന്റെ പിഴവില്‍ നിന്ന്. രണ്ടാം ഗോളടിച്ചത് ഡേവിഡ് ലൂയിസിന്റെ ഫൗളില്‍ ലഭിച്ച പെനല്‍റ്റിയിലൂടെ. ഇതേ ഫൗളിന്റെ പേരില്‍ ഡേവിഡ് ലൂയിസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ 49 മിനുറ്റിന് ശേഷം അഴ്‌സണല്‍ പത്തുപേരിലേക്ക് ചുരുങ്ങുകയും ചെയ്തു. ബ്രസീലിയന്‍ പ്രതിരോധതാരം ഡേവിഡ് ലൂയിസ് പിഴവുകളുടെ ഭാണ്ഡക്കെട്ടഴിച്ച മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് അഴ്‌സണലിനെതിരെ മൂന്ന് ഗോളിന്റെ ആധികാരിക ജയം.
മത്സരത്തിന്റെ 24ാം മിനുറ്റില്‍ പാബ്ലോ മാരിക്ക് പരിക്കേറ്റതോടെ പകരക്കാരനായാണ് ഡേവിഡ് ലൂയിസ് ഇറങ്ങുന്നത്. ആദ്യ പകുതിയുടെ പരിക്ക് സമയത്ത് ക്ലിയറിംഗിനിടെ ഡേവിഡ് ലൂയിസിനുണ്ടായ പിഴവ് മുതലെടുത്ത് റഹീം സ്റ്റെര്‍ലിംഗ് മാഞ്ചസ്റ്റര്‍ സിറ്റിയെ മുന്നിലെത്തിച്ചു.
രണ്ടാം പകുതി ആരംഭിച്ച് നാല് മിനുറ്റ് തികയും മുമ്പേ റിയാദ് മര്‍ഹെസിനെ പെനല്‍റ്റി ബോക്‌സില്‍ ഡേവിഡ് ലൂയിസ് ഫൗള്‍ ചെയ്തു. ലീഡ് വര്‍ധിപ്പിക്കാനുള്ള സുവര്‍ണ്ണാവസരം കെവിന്‍ ഡി ബ്രൂയിന്‍ പാഴാക്കിയില്ല. മാഞ്ചസ്റ്റര്‍ സിറ്റി 2-0 അഴ്‌സണല്‍. ഫൗളിന്റെ പേരില്‍ റഫറി ചുവപ്പ് കാര്‍ഡ് കൂടി വിധിച്ചതോടെ ഡേവിഡ് ലൂയിസ് ദുരന്തം പൂര്‍ണ്ണമായി.
പത്തുപേരിലേക്ക് ചുരുങ്ങിയിട്ടും അഴ്‌സണല്‍ കൂടുതല്‍ ഗോള്‍ വഴങ്ങാതെ രണ്ടാം പകുതിയുടെ പരിക്ക് സമയം വരെ പിടിച്ചു നിന്നു. രണ്ടാം പകുതിയുടെ പരിക്ക് സമയത്ത്(90+1) അഗ്യൂറോയുടെ ബാറില്‍ ഇടിച്ച് മടങ്ങിയ മനോഹര ഗോള്‍ ശ്രമം റീബൗണ്ടിലൂടെ വലയിലാക്കിയാണ് ഫോഡന്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്‌കോറിംഗ് പൂര്‍ത്തിയാക്കിയത്.
ഗോള്‍ കീപ്പര്‍ ബെര്‍ണാഡ് ലെനോയുടെ രക്ഷപ്പെടുത്തലുകളില്ലായിരുന്നെങ്കില്‍ അഴ്‌സണല്‍ വലയില്‍ കൂടുതല്‍ ഗോളുകള്‍ നിറഞ്ഞേനെ. മാഞ്ചസ്റ്റര്‍ സിറ്റി 11 ഷോട്ടുകള്‍ ലക്ഷ്യത്തിലേക്ക് ഉതിര്‍ത്തപ്പോള്‍ ഒരു തവണ പോലും അഴ്‌സണലിന് സിറ്റി ഗോളിയെ പരീക്ഷിക്കാന്‍ പോലുമായില്ല.
മത്സരത്തിനിടെ 80ാം മിനുറ്റില്‍ സഹതാരം ബ്രസീലിയന്‍ ഗോളി എഡേഴ്‌സണുമായി കൂട്ടിയിടിച്ച് മാഞ്ചസ്റ്റര്‍ സിറ്റിയുടെ പ്രതിരോധക്കാരന്‍ എറിക്ക് ഗാര്‍ഷ്യക്ക് പരിക്കേറ്റത് ആശങ്കയായി. പതിനൊന്ന് മിനുറ്റോളമാണ് തുടര്‍ന്ന് കളി നിര്‍ത്തിവെച്ചത്. സ്‌ട്രെക്ചറില്‍ ഓക്‌സിജന്‍ മാസ്‌ക് സഹിതമാണ് എറിക്കിനെ മൈതാനത്തു നിന്നും കൊണ്ടുപോയത്. 19കാരന്റെ പരിക്ക് ആശങ്കയുള്ളതല്ലെന്ന് പ്രതീക്ഷിക്കുന്നതായും വിദഗ്ധ പരിശോധനകള്‍ നടക്കുന്നതായും സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള മത്സരശേഷം പ്രതികരിച്ചു.
ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനം കൂടുതല്‍ ഭദ്രമാക്കി. ഒന്നാമതുള്ള ലിവര്‍പൂളിന് കിരീടം സ്വന്തമാക്കാന്‍ കുറഞ്ഞത് ഇനി രണ്ട് മത്സരങ്ങളെങ്കിലും ജയിക്കണം. ഒമ്പതാം സ്ഥാനത്തുള്ള അഴ്‌സണലിന് ആദ്യ നാലിലെത്തുക കൂടുതല്‍ ബുദ്ധിമുട്ടേറിയ ലക്ഷ്യമായി മാറി. നാലാം സ്ഥാനത്തുള്ള ചെല്‍സിയേക്കാള്‍ എട്ട് പോയിന്റെ കുറവാണ് അഴ്‌സണലിനുള്ളത്.