Football Sports

വിടവാങ്ങൽ പ്രസംഗത്തിനിടെ വിതുമ്പി ലൂയിസ് സുവാരസ്

ബാഴ്സലോനയുടെ ഉറുഗ്വേ ഫോർവേഡ് ലൂയിസ് സുവാരസ് ക്ലബ് വിട്ടു. 6 വർഷം നീണ്ട സംഭവബഹുലമായ കരിയറിനൊടുവിലാണ് ആരാധകരുടെ ലൂയിസിറ്റോ ബാഴ്സയിൽ നിന്ന് വിടചൊല്ലുന്നത്. കഴിഞ്ഞ ദിവസം അവസാനമായി പരിശീലനത്തിനെത്തിയപ്പോഴും ഇന്ന് നടന്ന വിടവാങ്ങൽ പ്രസംഗത്തിലും താരം വിതുമ്പുന്നത് കാണാമായിരുന്നു.

പ്രസംഗത്തിനിടെ താൻ എന്നും ബാഴ്സലോണയോട് കടപ്പെട്ടിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. “ഇവിടെ എന്റെ യാത്രയയപ്പ് ചടങ്ങ് നടക്കുകയാണെന്ന സത്യം എനിക്ക് ഉൾകൊള്ളാൻ കഴിയുന്നില്ല. എന്റെ സുഹൃത്തുക്കൾക്കെതിരെ കളിക്കുന്ന കാര്യം എനിക്ക് സങ്കല്പിക്കാൻ പോലും കഴിയുന്നില്ല. ബാഴ്‌സയെ നേരിടുന്നതിനെ പറ്റി ഞാൻ ഇനിയും ചിന്തിച്ചിട്ടില്ല. എന്റെ ഹൃദയത്തിൽ ബാഴ്സക്ക് പ്രത്യേക സ്ഥാനം ഉണ്ടാവും. ലൂയിസ് സുവാരസ് എന്ന കളിക്കാരൻ മാത്രമാണ് ഇവിടം വിട്ടു പോകുന്നത്. ലൂയിസ് സുവാരസ് എന്ന ബാഴ്സലോണ ആരാധകന്റെ ഹൃദയം ഇവിടെ തന്നെ തുടരും.”- അദ്ദേഹം പറഞ്ഞു.

സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മാഡ്രിഡിലേക്കാണ് സുവാരസ് കൂടുമാറുക. 2014ൽ ലിവർപൂളിൽ നിന്ന് റെക്കോർഡ് തുകയ്ക്ക് ബാഴ്സലോണയിലെത്തിയ താരം മെസ്സിക്കൊപ്പം മുന്നേറ്റ നിരയിലെ ഏറ്റവും ശ്രദ്ധേയനായ താരമായിരുന്നു. 6 വർഷത്തിനിടെ ക്ലബിൻ്റെ 13 കിരീട നേട്ടങ്ങളിൽ താരം പങ്കാളിയായി. സുവാരസിൻ്റെ അരങ്ങേറ്റ സീസണിൽ മെസ്സി-സുവാരസ്-നെയ്മർ ആക്രമണ സഖ്യം 122 ഗോളുകൾ നേടി സ്പാനിഷ് ഫുട്ബോൾ ചരിത്രത്തിലെ തന്നെ റെക്കോർഡ് സൃഷ്ടിച്ചിരുന്നു.

ബാഴ്സലോനയ്ക്കായി 283 മത്സരത്തിൽ ബൂട്ടണിഞ്ഞ താരം 198 ഗോളുകളും നേടിയിട്ടുണ്ട്. ബാഴ്സ ചരിത്രത്തിൽ തന്നെ ക്ലബിനു വേണ്ടി ഏറ്റവുമധികം ഗോളുകൾ നേടിയ മൂന്നാമത്തെ താരമാന് സുവാരസ്. ലിവർപൂൾ, അയാക്സ് എന്നീ ക്ലബുകൾക്ക് വേണ്ടിയും കളിച്ചിട്ടുള്ള താരം ഉറുഗ്വേ ദേശീയ ടീമിനു വേണ്ടി 113 മത്സരങ്ങളിലും കളത്തിലിറങ്ങി.