ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ആശ്വാസമായി ലോവ്‌ലിന ബോർഗോഹൈൻ. വനിതകളുടെ 69 കിലോഗ്രാം ബോക്സിംഗിൽ ജർമ്മനിയുടെ നദീൻ അപേറ്റ്സിനെ കീഴടക്കിയ ലോവ്‌ലിന ക്വാർട്ടർ ഉറപ്പിച്ചു. സ്കോർ 3-2. അസമിൽ നിന്ന് ഒളിമ്പിക്സിൽ മത്സരിക്കുന്ന ആദ്യ വനിതാ അത്‌ലറ്റാണ് ലോവ്‌ലിന. ( lovlina borgohain won boxing ) ഇതിനിടെ, 10 മീറ്റർ എയർ റൈഫിൾ മിക്സ്ഡ് മത്സരത്തിലും ഇന്ത്യ ഫൈനൽ കാണാതെ പുറത്തായി. ഇന്ത്യയുടെ രണ്ട് ടീമുകൾക്കും യോഗ്യതാ ഘട്ടം കടക്കാനായില്ല. എളവേനിൽ വാലറിവാൻ- ദിവ്യാൻഷ് സിങ് പൻവാർ സഖ്യം 12ആം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോൾ അഞ്ജും മൗദ്ഗിൽ- ദീപക് കുമാർ 18ആമത് ഫിനിഷ് ചെയ്തു.
626.5 പോയിൻ്റുകളാണ് എളവേനിൽ വാലറിവാൻ- ദിവ്യാൻഷ് സിങ് പൻവാർ സഖ്യം നേടിയത്. അഞ്ജും മൗദ്ഗിൽ- ദീപക് കുമാർ സഖ്യം 623.8 പോയിൻ്റ് നേടി.
നേരത്തെ, ടോക്യോ ഒളിമ്പിക്സ് വനിതാ ടെന്നീസിൽ ലോക രണ്ടാം നമ്പർ താരമായ നയോമി ഒസാക്ക ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയിരുന്നു. ചെക്ക് റിപ്പബ്ലിക്കിൻ്റെ മാർക്കേറ്റ വോൻഡ്രൗസോവയാണ് മൂന്നാം റൗണ്ടിൽ ഒസാക്കയെ അട്ടിമറിച്ചത്. വെറും രണ്ട് സെറ്റുകൾ മാത്രം നീണ്ടുനിന്ന പോരാട്ടത്തിൽ അനായാസമായിരുന്നു ചെക്ക് താരത്തിൻ്റെ ജയം. സ്കോർ 6-1 6-4.
42ആം റാങ്കുകാരിയായ മാർക്കേറ്റ ഡ്രോപ് ഷോട്ടുകൾ കളിച്ചാണ് ഒസാക്കയെ ഞെട്ടിച്ചത്. ആദ്യ 15 മിനിട്ടിൽ തന്നെ ഒസാക്ക നാല് ഗെയിമുകൾ നഷ്ടപ്പെടുത്തിയിരുന്നു. ആദ്യ സെറ്റ് 24 മിനിട്ടുകൾക്കുള്ളിൽ അവസാനിച്ചു. രണ്ടാം സെറ്റിൽ നീണ്ട റാലിയിലൂടെ ഒസാക്ക തിരികെ വന്ന് തുടർച്ചയായ രണ്ട് ഗെയിം ജയിച്ചു. എന്നാൽ, തിരിച്ചടിച്ച ചെക്ക് താരം വിജയം പിടിച്ചെടുക്കുകയായിരുന്നു.